പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു


ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സുരക്ഷ സേനയുടെ ഭീകരവിരുദ്ധ നടപടിയില്‍ രണ്ട് ഭീകരരെ വധിച്ചു. കഴിഞ്ഞ 16 മണിക്കൂറായി പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. അതിനിടെ അനന്തനാഗിലെ ദേശീയപാതയില്‍ സുരക്ഷയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ് സംഘത്തെ ഭീകരര്‍ അക്രമിച്ചു. ഒരു സിആര്‍പിഎഫ് ജവാന് പരുക്കേറ്റു.

കഴിഞ്ഞ ഏതാനും മാസങ്ങളായി കശ്മീരില്‍ ഭീകരവിരുദ്ധ നടപടി സുരക്ഷസേന ശക്തമാക്കിയിരുന്നു. പുല്‍വാമ അവന്തിപോരിലാണ് ഇന്നലെ വൈകിട്ട് 6 മണിയോടെ സുരക്ഷാ സേനയുടെ ഭീകരവിരുദ്ധ നടപടി ആരംഭിച്ചത്. സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് മേഖലയില്‍ തെരച്ചില്‍ ആരംഭിച്ചത്. പട്രോളിങ് നടത്തുകയായിരുന്ന സുരക്ഷാ സേനക്ക് നേരെ ഭീകരര്‍ വെടിവെച്ചതോടെ ഏറ്റുമുട്ടല്‍ ആരംഭിച്ചു.

രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. തെരച്ചിലിനിടെ അവന്തിപോരയിലെ ഭീകരരുടെ താവളം സുരക്ഷ സേന കണ്ടെത്തിയിരുന്നു. ഷോപ്പിയാന്‍ , അനന്തനാഗിലെ വനമേഖല എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം ഭീകരരുമായി ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു. ഈ വര്‍ഷം വിവിധ ഏറ്റുമുട്ടലുകളിലായി കശ്മീരില്‍ 100ല്‍ കൂടുതല്‍ ഭീകരരെയാണ് സുരക്ഷ സേന വധിച്ചത്.

SHARE