റിമാന്റ് കാലാവധി നീട്ടി; ‘മാഡത്തെ’ക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ച് പള്‍സര്‍ സുനി

കൊച്ചി: യുവനടിയെ കൊച്ചിയില്‍ കാറില്‍ ആക്രമിച്ച സംഭവത്തിലെ പ്രധാനപ്രതി പള്‍സര്‍ സുനിയെന്ന സുനില്‍കുമാറിന്റെ റിമാന്റ് കാലാവധി നീട്ടി. ഈ മാസം 30 വരെയാണ് റിമാന്റ് കാലാവധി നീട്ടിയത്.
കേസിലുള്‍പ്പെട്ട ‘മാഡം’ ആരാണെന്ന് അങ്കമാലി കോടതിയില്‍ വെളിപ്പെടുത്തുമെന്ന് പള്‍സര്‍ സുനി പറഞ്ഞു. സിനിമ മേഖലയില്‍ നിന്നുള്ള വ്യക്തി തന്നെയാണ് മാഡം എന്നും സുനി പറഞ്ഞു. എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു പള്‍സര്‍ സുനി മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ സുനിയെ ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കില്ലെന്നാണ് വിവരം.
രണ്ടു കേസുകളില്‍ കസ്റ്റഡിയിലുള്ള സുനിയുടെ റിമാന്റ് കാലാവധി നീട്ടുന്നതിനാണ് കോടതിയില്‍ ഹാജരാക്കിയത്. നേരത്തെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കേസുമായി ബന്ധപ്പെട്ട് വന്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് പള്‍സര്‍ സുനി പറഞ്ഞിരുന്നു. കേസിലെ മാഡം കെട്ടുകഥയല്ലെന്നും അത്തരത്തിലൊരാള്‍ ഉണ്ടെന്നും സുനി വെളിപ്പെടുത്തിയിരുന്നു. അങ്കമാലി കോടതിയില്‍ ഇക്കാര്യം തുറന്നു പറയുമെന്നും സുനി പറഞ്ഞിരുന്നു.