കശ്മീരിലെ ദാരുണാവസ്ഥയെ പകര്‍ത്തിയ അസോസിയേറ്റ് പ്രസിന് പുലിറ്റ്‌സര്‍ പുരസ്‌കാരം


ന്യൂയോര്‍ക്ക്: പ്രത്യേക പദവി എടുത്തുകളയുകയും വിഭജിക്കുകയും ചെയ്തതിനു പിന്നാലെ ജമ്മു കശ്മീരിന്റെ നേര്‍ചിത്രങ്ങള്‍ പുറംലോകത്തെത്തിച്ച അന്താരാഷ്ട്ര ഫോട്ടോ ഏജന്‍സി അസോസിയേറ്റഡ് പ്രസിന് പുലിറ്റ്‌സര്‍ പുരസ്‌കാരം. ദര്‍ യാസിന്‍, മുഖ്താര്‍ ഖാന്‍, ഛന്നി ആനന്ദ് എന്നീ ഫൊട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ഫീച്ചര്‍ ഫൊട്ടോഗ്രാഫി ഇനത്തില്‍ പുലിറ്റ്‌സര്‍ പുരസ്‌കാരം സ്വന്തമാക്കിയത്.

റോഡുകളിലൂടെ നുഴഞ്ഞുകയറിയും വീടുകളില്‍ ഒളിച്ചുപാര്‍ത്തും കാമറ പച്ചക്കറി സഞ്ചിയില്‍ ഒളിപ്പിച്ചും സാഹസികമായാണ് ചിത്രങ്ങള്‍ പകര്‍ത്തിയതെന്ന് ഫൊട്ടോഗ്രാഫര്‍മാര്‍ പ്രതികരിച്ചു. ”അതൊരു പൂച്ചയും എലിയും കളിയായിരുന്നു. എന്നെന്നേക്കുമായി നിശബ്ദരാക്കപ്പെടാതിരിക്കാനായി ഞങ്ങള്‍ ദൃഢനിശ്ചയം ചെയ്തു” ദര്‍ യാസീന്‍ പ്രതികരിച്ചു. ദര്‍ യാസിന്‍, മുഖ്താര്‍ ഖാന്‍ എന്നിവര്‍ ശ്രീനഗര്‍ കേന്ദ്രീകരിച്ചും ഛന്നി ആനന്ദ് ജമ്മുകേന്ദ്രീകരിച്ചുമാണ് പ്രവര്‍ത്തിച്ചത്.

പത്രപ്രവര്‍ത്തനം, സാഹിത്യം, സംഗീത രചന എന്നീ മേഖലകളിലെ ശ്രദ്ധേയനേട്ടങ്ങള്‍ക്ക് നല്‍കപ്പെടുന്ന അമേരിക്കന്‍ പുരസ്‌കാരമായ പുലിറ്റ്‌സറിന് പത്രപ്രവര്‍ത്തകരുടെ ഓസ്‌കര്‍ എന്നും വിളിപ്പേരുണ്ട്. ഹംഗേറിയന്‍-അമേരിക്കന്‍ പ്രസാധകനായ ജോസഫ് പുലിറ്റ്‌സര്‍ സ്ഥാപിച്ച ഈ പുരസ്‌കാരം ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയാണ് നിയന്ത്രിക്കുന്നത്. 1917 ലാണ് ആദ്യ പുലിറ്റ്‌സര്‍ പുരസ്‌കാരം നല്‍കിയത്.

കശ്മീരിരെ ഹാജിന്‍ ഗ്രാമത്തിലുള്ളവര്‍ ഇന്ത്യന്‍ സുരക്ഷ സൈനികരാല്‍ കൊല്ലപ്പെട്ട 11കാരന്‍ ആസിഫ് മിറിന് അന്ത്യോപചാരം അര്‍പ്പിക്കുന്നു ചിത്രം: ദര്‍ യാസിന്‍
കനത്ത സുരക്ഷക്കിടെ നിരോധനാജ്ഞക്കിടെ മസ്ജിദിനുമുന്നില്‍ ജുമുഅ നിസ്‌കാരം നിര്‍വഹിക്കുന്ന മുസ്‌ലിംകള്‍. ചിത്രം: മുഖ്താര്‍ ഖാന്‍
ഹിമാലയത്തിലേക്കുള്ള വിനോദയാത്രക്കിടെ അപകടത്തില്‍പ്പെട്ട മിനിബസില്‍ നിന്നുള്ള പെണ്‍കുട്ടിയെ ശ്രീനഗറിലെ ആശുപത്രിയിലേക്കെത്തിക്കുന്നു ചിത്രം: ദര്‍ യാസിന്‍
മുഖാവരണമണിഞ്ഞ കശ്മീരിലെ പ്രക്ഷോഭകാരി ജമ്മു കശ്മീര്‍ പൊലീസ് വാഹത്തിന്റെ ബോണറ്റില്‍ കയറി കല്ലെറിയുന്നു. ചിത്രം: ദര്‍ യാസീന്‍