മുരുകന്‍- ജോപ്പന്‍ പോരില്‍ ആരു ജയിച്ചു? കളക്ഷന്‍ റെക്കോര്‍ഡ് ഇങ്ങനെ

നീണ്ട ഇടവേളക്ക് ശേഷം മെഗാസ്റ്റാറുകളുടെ ചിത്രങ്ങള്‍ ഒരുമിച്ചെത്തിയപ്പോള്‍ മികച്ച പടം ഏതെന്ന തര്‍ക്കവും സ്വാഭാവികം. മികച്ച പടമേതെന്നതിനെ ചൊല്ലി സോഷ്യല്‍മീഡിയയില്‍ ഇരു താരങ്ങളുടെയും ആരാധകര്‍ തര്‍ക്കിക്കുകയുമാണ്. സെപ്തംബര്‍ 7ന് ഇറങ്ങിയ മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പനും മോഹന്‍ലാലിന്റെ പുലിമുരുകനും മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറുകയാണ്.

മള്‍ട്ടിപ്ലക്‌സുകളില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിയാണ് പുലിമുരുകന്റെ മുന്നേറ്റം. സംസ്ഥാനത്ത് 160 തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം മൂന്നു ദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രമായി മാറിയിരിക്കുകയാണ്. കൊച്ചിയിലെ മൂന്ന് മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നായി 42.85 ലക്ഷമാണ് കളക്ഷന്‍. 81.77 ലക്ഷം നേടിയ രജനികാന്തിന്റെ കബാലിക്കാണ് ഗ്രോസ് റെക്കോര്‍ഡ്.

മലയാള സിനിമകളില്‍ കലി, ചാര്‍ലി എന്നീ സിനിമകളുടെ ത്രിദിന കളക്ഷന്‍ റെക്കോര്‍ഡാണ് മോഹന്‍ലാല്‍ ചിത്രം തിരുത്തിയത്. 41.9 ലക്ഷമായിരുന്നു കലിയുടെ കളക്ഷന്‍. മള്‍ട്ടിപ്ലക്‌സില്‍ മൂന്നു ദിവസം കൊണ്ട് 126 ഷോ പൂര്‍ത്തിയാക്കിയ പുലിമുരുകന്‍ 42.85 ലക്ഷം നേടിയപ്പോള്‍ 83 ഷോകളില്‍ നിന്നായി 23.42 ലക്ഷമാണ് തോപ്പില്‍ ജോപ്പന്‍ സ്വന്തമാക്കിയതെന്ന് ബോക്‌സോഫീസ് ട്രാക്കേഴ്‌സായ കേരള ഫോറം പറയുന്നു. അതേസമയം മറ്റു തീയേറ്ററുകളിലെ കളക്ഷന്‍ വിവരങ്ങള്‍ ഇതുവരെ ലഭ്യമല്ല.

SHARE