പൗരത്വനിയമ ഭേദഗതിക്കെതിരെ പുതുച്ചേരിയും പ്രമേയം പാസാക്കി

പുതുച്ചേരി നിയമസഭ പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി. ലഫ്.ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് പ്രമേയം പാസാക്കിയത്. നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന പൂര്‍ണ പദവിയില്ലാത്ത ആദ്യ സംസ്ഥാനമാണു പുതുച്ചേരി. കേരളം, പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ നേരത്തെ പ്രമേയം പാസാക്കിയിരുന്നു.

മുഖ്യമന്ത്രി വി.നാരായണസ്വാമിയാണ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചത്. കോണ്‍ഗ്രസ്, ഡിഎംകെ അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ എന്‍ആര്‍ കോണ്‍ഗ്രസ്, അണ്ണാഡിഎംകെ അംഗങ്ങള്‍ വിട്ടു നിന്നു. ബിജെപി അംഗങ്ങള്‍ സഭയില്‍ നിന്നിറങ്ങിപ്പോയി.പ്രമേയത്തിനെതിരെ ബിജെപി നേരത്തെ തന്നെ ലഫ്.ഗവര്‍ണര്‍ കിരണ്‍ ബേദിയെ സമീപിച്ചിരുന്നു. ഇതിനെത്തുടര്‍ന്നു കിരണ്‍ ബേദി മുഖ്യമന്ത്രിക്ക് കത്തയയ്ക്കുകയും ചെയ്തു. പാര്‍ലമെന്റ് പാസാക്കിയ നിയമം കേന്ദ്രഭരണ പ്രദേശത്തിനും ബാധകമാണെന്നും അതിനെ ചോദ്യം ചെയ്യാന്‍ സാധിക്കില്ലെന്നും ബേദി കത്തില്‍ പറഞ്ഞു. ഇതിനോടു മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.

SHARE