12 മണിക്കൂര്‍ ഒറ്റയിരുപ്പില്‍ പബ്ജി കളിച്ചു; 16 കാരന് ദാരുണാന്ത്യം

പകല്‍ മുഴുവന്‍ പബ്ജി കളിച്ച 16 കാരന് വിദ്യാര്‍ഥിക്കു ദാരുണാന്ത്യം. തമിഴ്‌നാട് ഈറോഡ് കരുങ്കല്‍പാളയത്തെ സതീഷ് കുമാറാണ് കുഴഞ്ഞുവീണുമരിച്ചത്. ലോക്ഡൗണിനെ തുടര്‍ന്ന് പുറത്തുപോകാന്‍ കഴിയാത്തതിനെ തുടര്‍ന്ന് 12 മണിക്കൂറിലേറെ ഒറ്റയിരുപ്പില്‍ ഗെയിം കളിച്ചതാണ് ദുരന്തത്തിനു കാരണമായത്. ബാറ്റില്‍ റോയല്‍ വിഭാഗത്തില്‍പെടുന്ന പബ്ജി ഗെയിം ലഹരിമരുന്നു പോലെ കുട്ടികളെ കീഴ്‌പ്പെടുത്തുന്നതായി നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു.

കളിക്കാര്‍ പരസ്പരം പോരാടുകയും ഒടുവില്‍ അതിജീവിക്കുന്നവര്‍ വിജയികളാവുകയും ചെയ്യുന്ന ഗെയിമിന്റെ അവസാനത്തെ ഇരയാണ് ഈറോഡിലെ ഈ പതിനാറുകാരന്‍. സ്വകാര്യ പോളിടെക്‌നിക്കില്‍ ടെക്‌സ്‌റ്റൈയില്‍ ഡിസൈന്‍ വിദ്യാര്‍ത്ഥിയായിരുന്നു സതീഷ്.
കഴിഞ്ഞ തിങ്കളാഴ്ചയും സതീഷ് ഗെയിമില്‍ തോറ്റിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ തന്നെ സതീഷ് മുറിയില്‍ കയറി കളി തുടങ്ങി. ഭക്ഷണം കഴിക്കാന്‍ പോലും പുറത്തിറങ്ങിയില്ല.

വൈകിട്ട് ആറുമണിയായപ്പോള്‍ ഇരുന്നിടത്തുനിന്ന് സതീഷ് താഴെക്കുമറഞ്ഞു വീണു. മാതാപിതാക്കളെത്തി ഉടന്‍ ഈറോഡ് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.

SHARE