സാനിയ മിര്‍സയെ പി.ടി ഉഷയാക്കി ആന്ധ്ര സര്‍ക്കാറിന്റെ ഫഌക്‌സ്; ട്രോള്‍ മഴ


അമരാവതി: ടെന്നീസ് താരം സാനിയ മിര്‍സയുടെ വലിയ പടത്തിന് താഴെ പി.ടി ഉഷയുടെ പേര് നല്‍കി ആന്ധ്രപ്രദേശില്‍ ഫഌക്‌സ്. ദേശീയ കായിക ദിനാഘോഷത്തില്‍ മെഡലുകള്‍ നേടിയ താരങ്ങളെ അഭിനന്ദിക്കുന്ന ചടങ്ങിന് സ്ഥാപിച്ച ഫഌക്‌സിലാണ് സാനിയയുടെ ഫോട്ടോയും പി.ടി ഉഷയുടെ പേരും വന്നത്. ഇതോടെ ഫഌക്‌സ് സോഷ്യല്‍ മീഡിയയില്‍ വൈറലായി. മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി, കായിക മന്ത്രി അവന്തി ശ്രീനിവാസ് എന്നിവരുടെ ചിത്രവും ഫ്‌ളക്‌സ് ബോര്‍ഡിലുണ്ട്.

ചടങ്ങ് നടക്കുന്ന വേദിക്ക് സമീപത്തായിരുന്നു ഫ്‌ളക്‌സ് സ്ഥാപിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് പരിപാടി മാറ്റിവെച്ചു. സോഷ്യല്‍മീഡിയയില്‍ വലിയ രീതിയിലാണ് ചിത്രം പ്രചരിക്കുന്നത്. നിരവധി പേര്‍ സര്‍ക്കാറിന്റെ കായിക രംഗത്തെ അജ്ഞതയെക്കുറിച്ച് കളിയാക്കി രംഗത്തെത്തി. സാനിയ മിര്‍സയെയും പി.ടി ഉഷയെയും തിരിച്ചറിയാത്തവര്‍ എങ്ങനെയാണ് സംസ്ഥാനത്തെ കായിക രംഗം മെച്ചപ്പെടുത്തുകയെന്നും ചിലര്‍ ചോദിക്കുന്നു.

SHARE