അന്വേഷണം ദിലീപിന്റേയും കാവ്യയുടേയും കുടുബംസുഹൃത്തായ നടിയിലേക്ക്; പി.ടി തോമസ് എം.എല്‍.എയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം ദിലീപിന്റേയും കാവ്യയുടേയും കുടുബംസുഹൃത്തായ നടിയിലേക്ക് നീളുന്നു. ഇവരുടെ വിവാഹത്തിന് ആദ്യാവസാനം വരെ കൂടെയുണ്ടായിരുന്ന നടിയിലേക്കാണ് അന്വേഷണം എത്തുന്നത്.

കാക്കനാടാണ് നടി താമസിക്കുന്നത്. ഈ നടിയുമായി ദിലീപിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ദിലീപിന്റെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടിയുടെ അക്കൗണ്ടിലേക്ക് എത്തിയിട്ടുള്ള പണത്തെക്കുറിച്ചും ഇപ്പോള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്. ഇത് ബിനാമി ഇടപടാണോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

നേരത്തെ ആക്രമിക്കപ്പെട്ട നടിക്ക് ദിലീപുമായി റിയല്‍എസ്റ്റേറ്റ് ബന്ധമുണ്ടെന്ന് പ്രചാരണമുണ്ടായിരുന്നു. ഇത് നിഷേധിച്ച് നടി തന്നെ പത്രക്കുറിപ്പിറക്കുകയും ചെയ്തു. എന്നാല്‍ ആക്രമിക്കപ്പെട്ട നടിയുടേയും കാക്കനാട്ടെ നടിയുടേയും റിയല്‍എസ്റ്റേറ്റ് ബന്ധങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്. കാവ്യമാധവനുമായും ഈ നടിക്ക് അടുത്ത സൗഹൃദമുണ്ട്. ദിലീപിന്റേയും കാവ്യയുടേയും വിവാഹത്തിന് സജീവമായി ഈ നടിയുണ്ടായിരുന്നതും പോലീസ് അന്വേഷണത്തിന് സാഹചര്യമൊരുക്കി.

അതേസമയം, പി.ടി തോമസ് എം.എല്‍.എയുടെ മൊഴി അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും. കേസിന്റെ തുടക്കംമുതല് തന്നെ എം.എല്‍.എ ഇടപെട്ടിരുന്നിട്ടും മൊഴി രേഖപ്പെടുത്താതിരുന്നത് വന്‍പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തുടര്‍ന്ന് അന്വേഷണസംഘത്തിന് ഇന്നലെയാണ് മൊഴി രേഖപ്പെടുത്താന്‍ അനുമതി ലഭിച്ചത്.