താരസംഘടന ‘അമ്മ’ക്കെതിരെ വിമര്‍ശനവുമായി പി.ടി തോമസ് എം.എല്‍.എ

കൊച്ചി: താരസംഘടനയായ അമ്മക്കെതിരെ രൂക്ഷവിമര്‍ശനവുമായി പി.ടി തോമസ് എം.എല്‍.എ രംഗത്ത്. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം തന്നെ നിരാശപ്പെടുത്തിയെന്ന് പി.ടി തോമസ് പറഞ്ഞു.

ദിലീപിനെ ഏത് സാഹചര്യത്തിലാണ് തിരിച്ചെടുത്തതെന്ന് അമ്മ വിശദീകരിക്കണം. ആക്രമണത്തിനിരയായ നടിക്ക് അമ്മ നല്‍കിയ പിന്തുണ നാട്യം മാത്രമായിരുന്നു. കുറച്ചുപേര്‍ മാത്രമാണ് സിനിമാമേഖലയില്‍ നിന്ന് നടിക്ക് പിന്തുണ നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന അമ്മ ജനറല്‍ബോഡി യോഗത്തിലാണ് ദിലീപിനെ തിരിച്ചെടുക്കണമെന്ന് ആവശ്യം ഉയരുന്നത്. നടി ഊര്‍മ്മിള ഉണ്ണിയാണ് ആവശ്യം ഉന്നയിച്ചതെന്നും വാര്‍ത്തയുണ്ടായിരുന്നു. ഇതിന് സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. സിനിമയിലെ വനിതാകൂട്ടായ്മയും വിഷയത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് പി.ടി തോമസും വിമര്‍ശനവുമായെത്തുന്നത്. നടി ആക്രമിക്കപ്പെട്ട സമയത്ത് നടിക്ക് പിന്തുണ നല്‍കി എം.എല്‍.എ മുന്‍പന്തിയിലുണ്ടായിരുന്നു.