‘അവതാരകർ ചോദ്യങ്ങൾ ഉയർത്തുന്നത് ജനങ്ങൾക്കു വേണ്ടി; ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ലെന്ന് പി.ടി തോമസ്

ചാനല്‍ ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കുന്ന സിപിഎം നിലപാടിനെ പരിഹസിച്ചും മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി പി.ടി തോമസ് എംഎല്‍എ. മാധ്യമസ്വാതന്ത്ര്യത്തെപ്പറ്റി വീമ്പിളക്കുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ് ചര്‍ച്ച ബഹിഷ്‌കരിക്കാനുള്ള തീരുമാനമെന്നും ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ല അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രിയുടെ ‘കടക്കു പുറത്തിന്റെ’ പ്രായോഗിക ആവിഷ്‌ക്കാരമാണ് സിപിഐ (എം) സംസ്ഥാന കമ്മിറ്റി തീരുമാനം. തമ്പ്രാന്‍ പറയുമ്പോള്‍ വായ പൂട്ടിയിരിക്കേണ്ട അടിമകളല്ല അവതാരകരെന്നും പി.ടി തോമസ് കുറിച്ചു.

പി.ടി തോമസ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ചാനല്‍ ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കുന്ന സിപിഐ (എം) നിലപാടിനോട്…
മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി വീമ്പിളക്കുന്ന സി.പി.ഐ (എം) ന്റെ ഇരട്ടത്താപ്പാണ് ഏഷ്യാനെറ്റ് ചര്‍ച്ച ബഹിഷ്‌കരിക്കാനുള്ള സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. സി.പി.ഐ (എം) ന്റെ മാധ്യമ നയം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു; സി പി ഐ (എം ) സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ സാന്നിധ്യത്തില്‍ -‘ കടക്കു പുറത്ത്’. ‘കടക്കു പുറത്തിന്റെ’ പ്രായോഗിക ആവിഷ്‌ക്കാരമാണ് സിപിഐ (എം) സംസ്ഥാന കമ്മിറ്റി തീരുമാനം.
കമ്മ്യൂണിസ്റ്റ് ഏകാധിപധികള്‍ ലോകമെമ്പാടും നടപ്പിലാക്കിയ മാധ്യമ വിരുദ്ധ ഭീകരമുഖമാണ് കാലാനുസൃത ഭേദഗതികളോടെ കേരളത്തില്‍ നടപ്പിലാക്കുന്നത്. മന്ത്രിസഭ യോഗ തീരുമാനങ്ങള്‍ മൂടിവയ്ക്കാന്‍ മുഖ്യമന്ത്രിയുടെ പതിവ് വാര്‍ത്ത സമ്മേളനം നിര്‍ത്തലാക്കല്‍, കോടതികളില്‍ മാധ്യമ പ്രവര്‍ത്തകരുടെ പ്രവേശനം തടയല്‍, ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യമുള്ള മാതൃഭൂമി പത്രാധിപരെ ‘എടോ ഗോപാലകൃഷ്ണാ’ എന്ന് വിളിച്ചുള്ള ഭീഷണി, വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തടഞ്ഞുവെക്കല്‍, നിയമസഭയില്‍ എംഎല്‍എമാര്‍ എഴുതി നല്‍കുന്ന നൂറുകണക്കിന് ചോദ്യങ്ങളില്‍ മഹാഭൂരിപക്ഷത്തിനും മറുപടി നല്കാതിരിക്കല്‍… ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിചിത്ര ഘടകമാണ് കേരളത്തിലുള്ളതെന്നു ഇതൊക്കെ ബോധ്യപ്പെടുത്തുന്നു.

Reporters without boarders (RSF) എന്ന സംഘടന നടത്തിയ പഠനത്തില്‍ മാധ്യമ സ്വാതന്ത്ര്യം ഇല്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ 177 ആം സ്ഥാനമാണ് ചൈനക്ക്, ഉത്തര കൊറിയ 180 ആം സ്ഥാനത്തും. 2019 ല്‍ മാത്രം ചൈനയില്‍ 48 പത്ര പ്രവര്‍ത്തകര്‍ ജയിലിലാണെന്നു ഈ സംഘടനയുടെ റിപ്പോര്‍ട്ടില്‍ കാണുന്നു.
48 പേര്‍ക്കെതിരെയും ചൈന ഉന്നയിക്കുന്ന ആരോപണം എമഹലെ ചലം െ(വ്യാജവാര്‍ത്ത) പ്രചരിപ്പിച്ചുവെന്നാണ്. ഭരണകൂടത്തിന് ഇഷ്ടമില്ലാത്തതെന്തും വ്യാജ വാര്‍ത്തയാണ്!
ഏഷ്യാനെറ്റ് ചര്‍ച്ച ബഹിഷ്‌കരണത്തിന് സി പി ഐ (എം) പറയുന്ന ന്യായവും ഇത് തന്നെയാണ്. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നു ! അറസ്റ്റ് ചെയ്തു അകത്തിടാന്‍ ആഗ്രഹമുണ്ടെങ്കിലും കേരളമായതുകൊണ്ട് സി പി ഐ (എം) ന് അക്കാര്യത്തില്‍ ചൈനക്കൊപ്പമെത്താന്‍ കഴിയുന്നില്ല. ബഹിഷ്‌ക്കരണത്തെ ന്യായികരിച്ചു സി പി ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവ് നടത്തിയ വിശദീകരണത്തില്‍ ഇങ്ങനെയാണ് കുറ്റാരോപണം:
ചാനലുകള്‍ ഇടതുപക്ഷ വിരുദ്ധത പ്രകടിപ്പിക്കുന്നു, അവതാരകര്‍ തടസ്സപ്പെടുത്തുന്നു, അവതാരകര്‍ രാഷ്ട്രീയം പറയുന്നു, എന്റെ പ്രധാന ചോദ്യം ഇതാണ് ;
ശിവശങ്കറിനെയും സ്വപ്ന സുരേഷിനെയും വിമര്‍ശിക്കുന്നത് എങ്ങനെ ഇടതുപക്ഷ വിരുദ്ധതയാകും? സ്വര്‍ണ്ണക്കടത്തിലെ പ്രതികളെ സഹായിച്ച ശിവശങ്കറിനെ സംരക്ഷിക്കുന്ന പിണറായി വിജയനെതിരായ വിമര്‍ശനം എങ്ങനെ ഇടതുപക്ഷ വിരുദ്ധമാകും? ഇടതുപക്ഷ വിരുദ്ധതയുണ്ടായാല്‍ തന്നെ അതെന്താ ഭരണഘടന വിരുദ്ധമാണോ? ചര്‍ച്ചകളില്‍ അവതാരകരെ ആക്ഷേപിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും
സി പി ഐ (എം ) പ്രധിനിധികളാണെന്നു ജനങ്ങള്‍ക്കറിയാം.

തമ്പ്രാന്‍ പറയുമ്പോള്‍ വായ പൂട്ടിയിരിക്കേണ്ട അടിമകളല്ല അവതാരകര്‍; അവര്‍ അനുഭവവും വിദ്യാഭ്യാസവുമുള്ള പത്രപ്രവര്‍ത്തകരാണ്.
അവതാരകര്‍ ജനങ്ങള്‍ക്കുവേണ്ടിയാണ് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ല. മാധ്യമ പ്രവര്‍ത്തകരോട് ‘കടക്കുപുറത്തു’ എന്നുപറയാനാണ് സി പി ഐ (എം) നെ മുഖ്യമന്ത്രി പഠിപ്പിച്ചത്; മുഖ്യമന്ത്രിയുടെ പ്രചോദനം ചങ്കിലെ ചൈനയില്‍ നിന്നാണ്.
മുഖ്യമന്ത്രിയുടെ വാക്കുപാലിക്കാന്‍ കഴിയാത്ത വിഷമം കൊണ്ടാണ് സി പി ഐ (എം ) നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് സ്വയം പുറത്തുകടക്കുന്നത്.
അസത്യ പ്രചരണങ്ങളുടെയും അര്‍ദ്ധ സത്യപ്രചരണങ്ങളുടെയും ഘോഷയാത്ര നയിക്കുന്ന സൈബര്‍ സഖാക്കളെ ഒന്ന് ശാസിക്കാന്‍ പോലും തയ്യാറാകാത്തവരാണ് സത്യാനന്തര കാലത്തെക്കുറിച്ചു ആകുലചിത്തരാകുന്നത്! കേരളത്തില്‍ സി പി ഐ (എം) നടത്തുന്ന സൈബര്‍ പോരാട്ടങ്ങളില്‍ അണികള്‍ ചിന്തിക്കേണ്ടതില്ല. അവര്‍ copy paste വിപ്ലവം നയിക്കട്ടെയെന്നാണ് പാര്‍ട്ടി തീരുമാനം.