ശിവശങ്കരനു മുഖ്യമന്ത്രി കൂട്ടുനിന്നത് പുത്രീവാത്സല്യം മൂലം; യാത്രാരേഖകള്‍ അടിയന്തരമായി പരിശോധിക്കണമെന്നും പി.ടി. തോമസ്

കൊച്ചി: മുന്‍ ഐ.ടി. സെക്രട്ടറി എം. ശിവശങ്കരന്റെ വഴിവിട്ടതും ചട്ടവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി കൂട്ടുനിന്നത് അമിതമായ പുത്രീവാത്സല്യം മൂലമാണെന്ന് പി.ടി. തോമസ് എം.എല്‍.എ. ഇത് തെളിയിക്കുന്ന നിരവധി സംഭവങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട സംഭവപരമ്പരകളെന്ന് പി.ടി. തോമസ് ആരോപിച്ചു.

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജിക് ഏക ഡയറക്ടര്‍ കമ്പനിയാണ്. രാജ്യത്ത് ലക്ഷക്കണക്കിന് ഏക ഡയറക്ടര്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അവയിലൊന്നും തന്നെ ബഹുരാഷ്ട്ര കമ്പനികളുടെ ഡയറക്ടര്‍മാര്‍ കണ്‍സള്‍ട്ടന്റുമാരായി പ്രവര്‍ത്തിക്കുന്നതായി അറിയില്ല.

എന്നാല്‍ മുഖ്യമന്ത്രിയുടെ മകളുടെ ഏക ഡയറക്ടര്‍ കമ്പനിയുടെ കണ്‍സള്‍ട്ടന്റ്, ബഹുരാഷ്ട്ര കമ്പനിയായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിന്റെ ഡയറക്ടര്‍ ജെയ്ക്ക് ബാലകുമാര്‍ എന്ന അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ, അമേരിക്കന്‍ പൗരത്വമുള്ള ഒരാളാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പി.ടി. തോമസ് പറഞ്ഞു.

ശിവശങ്കരന്റെ യാത്രാരേഖകള്‍ അടിയന്തരമായി പരിശോധിക്കുകയും അദ്ദേഹവുമായി യാത്ര ചെയ്തവരുടെ പേരുവിവരം പുറത്തുവിടുകയും ചെയ്യണമെന്നും പി.ടി. തോമസ് ആവശ്യപ്പെട്ടു.

പി.ഡബ്ല്യൂ.സിയുമായി ഒരു കരാറും ഉണ്ടാക്കാന്‍ പാടില്ലെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാല്‍ അതിനു ശേഷവും പി.ഡബ്ല്യൂ.സിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ബന്ധം തുടര്‍ന്നത് കൂടുതല്‍ സംശയത്തിന് ഇട നല്‍കുന്നതാണ്. ആ കമ്പനിക്ക് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കുള്ള ബന്ധമാണ് കൂടുതല്‍ സംശയത്തിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, വിവാദമായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേര്‍സ് കമ്പനിക്ക് ഇ മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ ഏല്‍പിക്കാന്‍ ചരടുവലിച്ചതും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ തന്നെയാണെന്നു തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് ഇ-മൊബിലിറ്റി പദ്ധതിയില്‍ വളഞ്ഞ വഴിയിലൂടെ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതിന് പിന്നിലും ശിവശങ്കറാണെന്ന തെളിവുകള്‍ പുറത്ത് വന്നത്.

ശിവശങ്കര്‍ പുറത്തായതോടെ ഐടി വകുപ്പിനു കീഴിലുള്ള സ്പേസ് പാര്‍ക്കിന്റ കണ്‍സള്‍ട്ടന്‍സിയില്‍ നിന്ന് പ്രൈസ് വാട്ടറിനെ നീക്കാന്‍ നീക്കം നടക്കുന്നതായും സൂചനകളുണ്ട്. സമയപരിധി കഴിഞ്ഞിട്ടും കരാറിന്റ കരട് സമര്‍പ്പിച്ചില്ലെന്ന കാരണം നിരത്തിയാണ് ഒഴിവാക്കാന്‍ ആലോചിക്കുന്നത്.