നെയ്യ്മറിന് ഡബിള്‍, കവാനിക്ക് റെക്കോര്‍ഡ് : പി.എസ്.ജി കിരീടത്തോട് അടുക്കുന്നു

 

പാരീസ്: പി.എസ്.ജിക്കു വേണ്ടി ഏറ്റവും കുടൂതല്‍ ഗോള്‍ നേടുന്ന താരമെന്ന ഖ്യാതി ഇനി ഉറുഗ്വെയ്ന്‍ താരം എഡിസണ്‍ കവാനിക്ക് സ്വന്തം. മോന്റിപോളിറിനെതിരായ മത്സരത്തിന്റെ 11-ാം മിനുട്ടില്‍ റാബിയോട്ട് നല്‍കിയ പന്ത് വലയില്‍ നിക്ഷേപിച്ചാണ് സാക്ഷാല്‍ സ്ലാട്ടന്‍ ഇബ്രാമോവിച്ചിനെ പിന്തള്ളി ക്ലബിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി കവാനി മാറിയത്.

 

 

2013ല്‍ പി.എസ്.ജിയിലെത്തിയ കവാനി കബ്ലിനായി 227 മത്സരങ്ങളില്‍ നിന്നായി 157 തവണ ലക്ഷ്യം കണ്ടിട്ടുണ്ട്. കൂടാതെ എല്ലാ മത്സരങ്ങളില്‍ നിന്നുമായി സീസണില്‍ കവാനിയുടെ ഗോള്‍ നേട്ടം 27 ആയി. പരുക്കുമൂലം കഴിഞ്ഞ മത്സരങ്ങള്‍ നഷ്ടമായ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്യ്മര്‍ ഇരുപകുതികളിലും ഓരേ വീതം ഗോള്‍ നേടി തിളങ്ങി. 40-ാം മിനുട്ടില്‍ പെനാല്‍ട്ടി കിക്കില്‍ നിന്നും ആദ്യ ഗോള്‍ കണ്ടെത്തിയ നെയ്യ്മര്‍ 82-ാം മിനുട്ടില്‍ കവാനിയുടെ അസിസ്റ്റില്‍ ഗോള്‍ നേട്ടം ഇരട്ടിയാക്കുകയായിരുന്നു. എയ്ഞ്ചല്‍ ഡി മരിയ (70 മിനുട്ട് )യുടെ വകയായരുന്നു ശേഷിച്ച ഗോള്‍.

23 കളികളില്‍ നിന്നായി 59 പോയന്റുമായി പി.എസ്.ജി ഫ്രഞ്ച് ലീഗില്‍ തലപ്പത്ത് തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള ഒളിംപിക് ലിയോണി(48)നുമേല്‍ 11 പോയിന്റിന്റെ വ്യക്തമായ ലീഡാണുള്ളത്.