ഇഞ്ചുറി ടൈമിലെ ത്രില്ലിങ് ഗോളുകളിലൂടെ പിഎസ്ജി ചാമ്പ്യന്‍സ് ലീഗ് സെമിയില്‍


ലിസ്ബണ്‍ : ചാമ്പ്യന്‍സ് ലീഗിലെ അവസാനനിമിഷങ്ങളിലെ ത്രില്ലിംഗ് ഗോളുകളിലൂടെ പിഎസ്ജിയ്ക്ക് തകര്‍പ്പന്‍ ജയം. ക്വാര്‍ട്ടര്‍ ഫൈനലില്‍ അറ്റ്ലാന്റയെ പരാജയപ്പെടുത്തി പിഎസ്ജി സെമി ഫൈനലില്‍ കടന്നു. 90 മിനുട്ട് വരെ പിന്നില്‍ നിന്ന ശേഷമായിരുന്നു ഫ്രഞ്ച് ചാമ്പ്യന്മാരുടെ തകര്‍പ്പന്‍ തിരിച്ചുവരവ്.

പാരീസ് സെന്റ് ജെര്‍മ്മന് വേണ്ടി വേണ്ടി മാര്‍ക്കീഞ്ഞോസും ചോപ്പോ മോട്ടീങ്ങുമാണ് ഗോളുകള്‍ നേടിയത്. ആക്രമണഫുട്ബോളുമായിട്ടാണ് ഇരു ടീമുകളും കളം നിറഞ്ഞത്. നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും താരപ്പകിട്ടുള്ള പിഎസ്ജിക്ക് ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല.

ഇതിനിടെ സൂപ്പര്‍താരം നെയ്മര്‍ക്ക് രണ്ട് സുവര്‍ണാവസരങ്ങള്‍ ഗോളാക്കാനുമായില്ല. ഇതിനിടെ 26-ാം മിനുട്ടില്‍ മരിയോ പസലിക്ക് നേടിയ ഗോളിലൂടെ അറ്റ്ലാന്റ മുന്നിലെത്തി.

രണ്ടാം പകുതിയില്‍ പരിക്കുമൂലം പുറത്തിരുന്ന എംബാപ്പേയെയും കളത്തിലിറക്കി ആക്രമണം പിഎസ്ജി ശക്തമാക്കി. പക്ഷെ നിശ്ചിത സമയത്തും ഗോള്‍ നേടാനാകാതിരുന്നതോടെ പിഎസ്ജി ആരാധകര്‍ ആശങ്കയിലായി. ഇതിനിടെ ഇഞ്ച്വറി ടൈമിന്റെ തുടക്കത്തില്‍ തന്നെ, 90-ാം മിനുട്ടില്‍ മാര്‍ക്കിഞ്ഞോസ് പിഎസ്ജിക്കായി സമനില ഗോള്‍ കണ്ടെത്തി.

നെയ്മറുടെ പാസ് വലയിലെത്തിച്ചാണ് മാര്‍ക്കീഞ്ഞോസ് പിഎസ്ജിയുടെ പ്രതീക്ഷ നിലനിര്‍ത്തിയത്. ഇതിന് പിന്നാലെ മിനുട്ടുകള്‍ക്കകം ചോട്ടാമോപ്പിങ് പിഎസ്ജിയുടെ വിജയഗോളും കണ്ടെത്തി. 93 -ാം മിനുട്ടിലായിരുന്നു മോപ്പിങിന്റെ വിജയഗോള്‍. നെയ്മറുടെയും എംബാപ്പേയുടെയും മുന്നേറ്റമാണ് വിജയഗോളിന് വഴിവെച്ചത്.

1995 ന് ശേഷം ഇതാദ്യമായാണ് പിഎസ്ജി ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ കടക്കുന്നത്. ഇന്നു നടക്കുന്ന രണ്ടാം ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തില്‍ അത് ലറ്റികോ മാഡ്രിഡ് ജര്‍മ്മന്‍ ക്ലബ് ആര്‍ബി ലൈപ്സിഗിനെ നേരിടും. ഈ മല്‍സരത്തിലെ വിജയിയായിരിക്കും സെമിയില്‍ പിഎസ്ജിയുടെ എതിരാളികള്‍.

SHARE