പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍ക്ക് പുല്ലുവില; സര്‍വീസില്‍ സ്വന്തക്കാരെ തിരുകിക്കയറ്റി സര്‍ക്കാറിന്റെ കൊടുംചതി

കോഴിക്കോട്: എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം നിരവധി വഴിവിട്ട നിയമനങ്ങള്‍ നടക്കുന്നതിന്റെ തെളിവുകള്‍ ഇതിനോടകം തന്നെ പുറത്ത് വന്നിരുന്നു. എല്‍.ഡി.എഫ് അനുഭാവികള്‍ക്കും മന്ത്രിമാരുടെ കുടുംബത്തില്‍പ്പെട്ടവര്‍ക്കുമെല്ലാം പിന്‍വാതിലിലൂടെ കുറേയധികം നിയമനങ്ങളാണ് നടത്തിയത്.

നിലവിലെ കണക്കനുസരിച്ച് പി.എസ്.സിയുടെ എല്‍.ഡി.സി ലിസ്റ്റും സര്‍ക്കാര്‍ ചവറ്റുകൊട്ടയില്‍ ഇട്ടതിന്റെ തെളിവുകളാണ് പുറത്ത് വരുന്നത്. 15,000 പേര്‍ ഉള്‍പ്പെട്ട എല്‍.ഡി ക്ലര്‍ക്ക് റാങ്ക് പട്ടികയുടെ കാലാവധി അടുത്ത ഏപ്രിലില്‍ തീരാനിരിക്കെ മെറിറ്റ് വഴി നിയമനം നടത്തിയത് 3,777 പേര്‍ക്കു മാത്രമാണ്.

അതിന് മുന്‍പത്തെ റാങ്ക് ലിസ്റ്റില്‍ നിന്ന് 7,651 പേര്‍ക്ക് നിയമനം ലഭിച്ചിരുന്നു.അപ്രാഖ്യാപിത നിയമന നിരോധനവും സ്വന്തക്കാര്‍ക്ക് വേണ്ടിയുള്ള താല്‍ക്കാലിക നിയമനങ്ങളുമാണ് റാങ്ക് പട്ടികയെ നോക്കുകുത്തിയാക്കുന്നത്. 14 ജില്ലകളില്‍ നിന്നായി 17.94 ലക്ഷം പേരാണ് പരീക്ഷ എഴുതിയത്. ഇതില്‍ നിന്ന് ഒരു ജില്ലയിലെ 500 പേര്‍ക്ക് പോലും മെറിറ്റ് നിയമനം കിട്ടിയിട്ടില്ല. സര്‍ക്കാര്‍ നടപടി വര്‍ഷങ്ങള്‍ കഠിനാധ്വാനം ചെയ്ത് റാങ്ക് പട്ടികയിലെത്തിയവരെ ചതിക്കുന്നതാണ്. രണ്ട് വര്‍ഷത്തിനിടെ 29 തവണയാണ് അനധികൃത നിയമനവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കേണ്ടി വന്നത്. 10 കേസുകള്‍ നിലവില്‍ ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണയിലാണ്.

SHARE