പി.എസ്.സി പരീക്ഷാ ക്രമക്കേട്; പ്രതികള്‍ കോപ്പിയടിച്ചത് സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച്


തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ഹാളില്‍ സ്മാര്‍ട്ട് വാച്ചുകള്‍ ഉപയോഗിച്ചാണ് ഉത്തരങ്ങള്‍ കോപ്പിയടിച്ചതെന്ന് പ്രതികളായ ശിവരഞ്ജിതും നസീമും ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. മൂന്നാം പ്രതിയായ പ്രണവാണ് കോപ്പിയടി ആസൂത്രണം ചെയ്തതെന്നും ഇരുവരും മൊഴി നല്‍കി.

യൂണിവേഴ്‌സിറ്റി കോളജില്‍ നടന്ന കുത്തു കേസില്‍ ജയിലില്‍ കഴിയുന്ന പ്രതികളായ ശിവരഞ്ജിതിനെയും നസീമിനെയും കസ്റ്റഡിയില്‍ വാങ്ങി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ പ്രതികളില്‍ നിന്നു ലഭിച്ചത്.

ജയിലില്‍ വെച്ച് ചോദ്യം ചെയ്തപ്പോള്‍ പ്രതികള്‍ കോപ്പിയടിച്ചുവെന്ന് സമ്മതിച്ചുവെന്നല്ലാതെ എങ്ങനെയെന്ന് വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതോടെ സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ചാണ് കോപ്പിയടിച്ചതെന്ന് തുറന്നു പറയുകയായിരുന്നു.

കോപ്പിയടിക്കുന്നതിനു വേണ്ടി ഓണ്‍ലൈന്‍ വഴി വാച്ചുകള്‍ വാങ്ങി എന്നാണ് സംശയിക്കുന്നത്.

SHARE