തിരുവനന്തപുരം: പി എസ് സി നിയമന വിവാദത്തില്‍ പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയ എം.ബി രാജേഷിന്റെ വീഡിയോക്കെതിരെ വിമര്‍ശനവുമായി ഉദ്യോഗാര്‍ത്ഥികളടക്കമുള്ള നിരവധി പേര്‍. യൂ ട്യൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോക്ക് താഴെ കടുത്ത വിമര്‍ശനങ്ങളുമായി നിരവധി പേരാണ് വന്നിരിക്കുന്നത്. ‘സത്യം പറയുന്ന രേഖകളും കണക്കുകളും’ എന്ന പേരിലാണ് സി.പി.ഐ.എം കേരളത്തിന്റെ യുട്യൂബ് അക്കൗണ്ടിലെ ട്രൂ സ്‌റ്റോറിയില്‍ കണക്കുകള്‍ നിരത്തി എം.ബി രാജേഷ് എത്തിയത്. വീഡിയോക്ക് ലൈക്കിനേക്കാള്‍ കൂടൂതല്‍ ഡിസ്‌ലൈക്കുകള്‍ ലഭിച്ചത് സര്‍ക്കാരിനെതിരായ വിമര്‍ശനമായാണ് വിലയിരുത്തല്‍. കമന്റ് ബോക്‌സിലും പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ രോഷപ്രകടനമാണ്.

പി.എസ്.സി നിയമനം കാര്യക്ഷമമല്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകരെയാണ് ഭൂരിപക്ഷം സര്‍ക്കാര്‍ നിയമനങ്ങളിലും നിയമിക്കുന്നതെന്നും ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപക പരാതിയുണ്ടായിരുന്നു. അഡൈ്വസ് മെമോ അയച്ചിട്ടും നിയമനങ്ങള്‍ നടക്കുന്നില്ലെന്നും പരാതി നിലനില്‍ക്കെയാണ് എം.ബി രാജേഷ് വിശദീകരണ വീഡിയോയുമായി സി.പി.ഐ.എമ്മിന്റെ യൂ ട്യൂബ് ചാനല്‍ വഴി രംഗത്തുവരുന്നത്. 54000 പേരാണ് വീഡിയോക്കെതിരെ രംഗത്തുവന്നത്. 34000 പേര്‍ മാത്രമാണ് ഇത് വരെ പിന്തുണ അറിയിച്ചത്.
