രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പ്പിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ബി.ജെ.പി

കൊച്ചി: പ്രളയവും മഴക്കെടുതിയും നേരിടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ രക്ഷാചുമതല പൂര്‍ണമായും സൈന്യത്തിനു നല്‍കില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള. രക്ഷാച്ചുമതല സൈന്യത്തെ ഏല്‍പ്പിക്കുന്നതില്‍ ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഭരണകൂടത്തിന് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. നിലവില്‍ ഇവിടുത്തെ ഭരണകൂടത്തിന്റെ നിര്‍ദേശമനുസരിച്ച് സൈന്യം പ്രവര്‍ത്തിക്കുന്ന സ്ഥിതിയാണുള്ളത്. സി.പി.എം എം.എല്‍.എ പോലും കരഞ്ഞ് പറയുന്നു സൈന്യത്തിനു മാത്രമേ രക്ഷിക്കാന്‍ കഴിയുകയുള്ളുവെന്ന്. രക്ഷാചുമതല പൂര്‍ണമായും സൈന്യത്തിനു നല്‍കി ഭരണകൂടം ആവശ്യമായ സഹായങ്ങള്‍ നല്‍കുകയാണ് വേണ്ടതെന്ന് പത്രസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.