ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ദര്യഗഞ്ജില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ പിടികൂടിയവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് അര്‍ധരാത്രിയിലും പ്രതിഷേധം. ഡല്‍ഹി പോലീസ് ആസ്ഥാനത്തിന് മുന്നില്‍ നൂറുകണക്കിന് പേര് പങ്കെടുത്ത പ്രതിഷേധം പുലര്‍ച്ചയും തുടര്‍ന്നു.പിടികൂടിയ 40 ഓളം പേരില്‍ എട്ടോളം കുട്ടികളുമുണ്ട്. മാതാപിതാക്കളെത്തിയാല്‍ മാത്രമെ ഇവരെ വിട്ടയക്കൂവെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. 14-15 വയസിനിടയിലുള്ളവരാണ് ഇവര്‍. പ്രായപൂര്‍ത്തിയാകാത്തവരെ കസ്റ്റഡിയിലെടുത്തതിനെതിരെ ഡല്‍ഹി ചീഫ് മെട്രോപൊളിയന് മജിസ്ട്രേറ്റ് രംഗത്തെത്തിയിട്ടുണ്ട്. ഇവരെ വിട്ടയക്കണമെന്നും കസ്റ്റഡിയിലെടുത്ത മറ്റുള്ളവര്‍ക്ക് അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം നല്‍കണമെന്നും മജിസ്ട്രേറ്റ് ദര്യഗഞ്ജ് പോലീസിന് നിര്‍ദേശം നല്കി.
ദര്യഗഞ്ജില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന പ്രതിഷേധത്തിനിടെയാണ് നാല്പതോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇതിനിടെ ഡല്‍ഹി ജുമാ മസ്ജിദില്‍ നിന്ന് ഭീം ആര്‍മി പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ 3.30 ഓടെയായിരുന്നു ഇത്. ജുമാ മസ്ജിദില്‍ വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത ചന്ദ്രശേഖര്‍ ആസാദിനെ പിടികൂടാന്‍ പോലീസ് ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞിരുന്നില്ല.