ഇറാനില്‍ പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ നടന്ന പ്രതിഷേധ പരിപാടിയില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റു. സിര്‍ജാന്‍ നഗരത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പ്രതിഷേധക്കാരന്‍ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ലെന്ന് ആക്ടിങ് ഗവര്‍ണര്‍ മുഹമ്മദ് മഹ്മൂദാബാദി പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വെടിവെക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. സമാധാനപരമായി തുടങ്ങിയ പ്രതിഷേധ അലങ്കോലപ്പെടുത്താനും ജനങ്ങളെ ഇളക്കിവിടാനും ആരോ മനപ്പൂര്‍വ്വം കളിച്ചതായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അമേരിക്കന്‍ ഉപരോധങ്ങളെ മറികടക്കുന്നതിന്റെ ഭാഗമായി ഇറാന്‍ ഭരണകൂടം പെട്രോള്‍ വില അമ്പത് ശതമാനത്തോളം ഉയര്‍ത്തുകയും റേഷനിങ് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എണ്ണക്കമ്പനിയുടെ പ്രധാന ഡിപ്പോകളിലേക്ക് ഇരച്ചുകയറാനും തീവെക്കാനും പ്രതിഷേധക്കാര്‍ നടത്തിയ ശ്രമം സുരക്ഷാ സേന തടഞ്ഞിരുന്നു. ഇറാനിലെ മറ്റു നിരവധി നഗരങ്ങളിലും ജനം പ്രതിഷേധവുമായി ഇറങ്ങി. ശനിയാഴ്ച രാവിലെയും ഒറ്റപ്പെട്ട പ്രതിഷേധ പരിപാടികള്‍ നടന്നു. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഇറാന്‍ തുടങ്ങിവെച്ച പുതിയ സാമ്പത്തിക അച്ചടക്ക നടപടികള്‍ ജനങ്ങളെ രോഷാകുലരാക്കിയിട്ടുണ്ട്. സ്മാര്‍ട്ട് ഫ്യുല്‍ കാര്‍ഡ് ഉപയോഗിച്ച് എണ്ണ വില്‍പ്പന റേഷനേര്‍പ്പെടുത്താനാണ് തീരുമാനം. സ്വകാര്യ വാഹനങ്ങള്‍ക്ക് മാസം 16 ലിറ്റററായി പരിമിതപ്പെടുത്തുകയും ചെയ്തു. പുതിയ നടപടികള്‍ പാവപ്പെട്ടവരെയും ഇടത്തരം വരുമാനക്കാരെയും പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, പെട്രോള്‍ വില വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനത്തെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖുമേനി പിന്തുണച്ചതായി റിപ്പോര്‍ട്ട്. വിലവര്‍ദ്ധനവിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം ശക്തമാവുമ്പോളാണ് സര്‍ക്കാറിന് ഖുമേനിയുടെ പിന്തുണ ലഭിക്കുന്നത്.