ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്താല്‍ കത്തുന്ന ഡല്‍ഹി നൂറ്റാണ്ടിലെ ഏറ്റവും കൂടിയ തണുപ്പില്‍. കഴിഞ്ഞ 119 വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പകല്‍ താപനിലയായ 9.4 ഡിഗ്രി സെല്‍ഷ്യല്‍സാണ് തിങ്കളാഴ്ച ഡല്‍ഹി സഫ്ദര്‍ജംഗില്‍ അനുഭവപ്പെട്ടത്. 1901ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പകല്‍ താപനിലയാണ് സഫ്ദര്‍ജംഗില്ലേത്. 1997 ഡിസംബര്‍ 28 ന് രേഖപ്പെടുത്തിയ 11.3 ഡിഗ്രിയാണ് ഇതിന് മുമ്പ് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പകല്‍ താപനില.
അതേസമയം കൊടും കടുത്ത തണുപ്പിനെ അവഗണിച്ചും പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ ബാഗിലെ വനിതകളുടെ പ്രക്ഷോഭം തുടരുകയാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ഇവിടെ രാപകല്‍ നടത്തി വരുന്ന പ്രതിഷേധ സമരം പതിനേഴാം ദിവസത്തിലേക്ക് കടന്നിരിക്കുന്നു.
മൂന്ന് ഹീറ്ററും, കമ്പിളി പുതപ്പുകളുടെ കനവും, കുറേ കട്ടന്‍ ചായയും കൊണ്ട് മാത്രമാണ് നൂണ്ടാണ്ടിലെ ഏറ്റവും തണുത്ത രാത്രികളെ പ്രതിഷേധച്ചൂടാന്‍ ഈ സ്ത്രീകള്‍ തള്ളിനീക്കുന്നത്. കൊടും തണുപ്പില്‍ തെക്കന്‍ ഡല്‍ഹിയിലെ ഷഹീന്‍ ബാഗിലെ ജിഡി ബിര്‍ള മാര്‍ഗില്‍ തുടരുന്ന അനിശ്ചിത കാല സമരപ്പന്തല്‍ ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുകയാണ്്.
പൗരത്വ ഭേദഗതി നിയമത്തില്‍ (സിഎഎ) രാഷ്ട്രപതി ഒപ്പുവെച്ച അര്‍ദ്ധരാത്രിക്ക് പിന്നാലെ ആരംഭിച്ചതാണ് ഷഹീന്‍ ബാഗിലെ പ്രതിഷേധ സമരം. പുതുതായി ഭേദഗതി ചെയ്ത നിയമം പിന്‍വലിക്കല്‍ ആവശ്യപ്പെട്ട് രാജ്യത്ത് പലയിടത്തും നടക്കുന്ന പ്രതിഷേധ സമരങ്ങള്‍ ലാത്തിച്ചാര്‍ജിലേക്കും പിന്നീട് അക്രമത്തിലേക്ക് വഴി മാറിയപ്പോഴും ഷഹീന്‍ ബാഗില്‍ ഡിസംബര്‍ 15 മുതല്‍ പ്രതിഷേധക്കാര്‍ റോഡിലിറങ്ങിയ സമരം പൂര്‍ണമായും സമാധാനപരമായാണു നീങ്ങുന്നത്. പ്രതിഷേധം രണ്ടാഴ്ചയാകുമ്പോള്‍, പ്രദേശവാസികളും വിദ്യാര്‍ഥികളുമായി ചേര്‍ന്ന് സമരം ശക്തമാവുകയാണ്. പ്രതിഷേധവേദിയില്‍ നിന്ന് ആസാദി മുദ്രാവാക്യങ്ങള്‍ക്കൊപ്പം പാട്ടും ഗസലുകളും ഷായരിയും മുഴങ്ങുകയാണ്.
നൂറോളം പേരടങ്ങുന്ന വളണ്ടിയര്‍മാരുടെ സംഘം പല ഷിഫ്റ്റുകളിലായി സമരക്കാര്‍ക്ക് സഹായങ്ങളുമായി പ്രവര്‍ത്തിക്കുന്നുണ്ട്. ജെഎന്‍യു, ജാമിഅ, ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനികളും ഇവര്‍ക്കൊപ്പമുണ്ട്. പുരുഷന്‍മാരുടെ സാന്നിധ്യം തന്നെ തീരെ കുറവായ സമര പന്തലിന് 200 മീറ്റര്‍ അകലെയാണ് പോലീസുകാര്‍ നിലയുറപ്പിക്കുന്നത്.
അവര്‍ ആദ്യം കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞു. പിന്നീട് ബാബരി മസ്ജിദ് നിന്നിടത്ത് ക്ഷേത്രം പണിയാന്‍ ഒരുങ്ങുന്നു. ഇപ്പോള്‍ ഞങ്ങളെ രാജ്യത്തു നിന്നു തുരത്താന്‍ ഒരുങ്ങുന്നു. ഇവിടെ മുസ്‌ലിംകള്‍ തന്നെ വേണ്ടെന്നാണോ ഈ സര്‍ക്കാര്‍ പറയുന്നതെന്നാണ് രണ്ടാഴ്ചക്കാലമായി സമരത്തിലിരിക്കുന്ന ഗുലാബിയുടെ ചോദ്യം. ഇന്ത്യ തങ്ങളുടെ രാജ്യമാണ്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പേ തന്നെ തങ്ങളുടെ കുടുംബങ്ങള്‍ ഇവിടെയുണ്ടായിരുന്നു. ഇവിടുന്ന് പോകാന്‍ ആര് പറഞ്ഞാലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഇടയ്ക്ക് കയറി സംസാരിച്ച സക്കീന പറയുന്നത്.
ആയിരത്തോളം സ്ത്രീകളാണ് ഇവിടെ പ്രതിദിനം പ്രതിഷേധ ധര്‍ണയിരിക്കുന്നത്. ക്രിസ്തുമസ് രാത്രിയിയില്‍ സാന്തോക്ലോസിന്റെ വേഷമണിഞ്ഞ ക്രിസ്തുമസ് പപ്പയും സമരക്കാര്‍ക്കു നടുവിലെത്തിയിരുന്നു. 2019 കടന്നു പോകുന്ന ഇന്നത്തെ രാത്രിയില്‍ കവന്‍ പ്രതിഷേധത്തിനായാണ് ഷഹീന്‍ ബാഗ് ഒരുങ്ങുന്നത്.