ബാഹുബലിക്ക് വന്‍ തിരിച്ചടിയായി കര്‍ണാടകയില്‍ സത്യരാജിനെതിരായ പ്രതിഷേധം; മാപ്പു പറഞ്ഞില്ലെങ്കില്‍ റിലീസ് അനുവദിക്കില്ല

അടുത്ത വെള്ളിയാഴ്ച ലോകമെങ്ങും റിലീസിനൊരുങ്ങുന്ന ‘ബാഹുബലി 2’ ന് തിരിച്ചടിയായി കര്‍ണാടകയില്‍ നടന്‍ സത്യരാജിനെതിരായ പ്രതിഷേധം കനക്കുന്നു. ബാഹുബലിയില്‍ കട്ടപ്പ എന്ന പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ച സത്യരാജ് വര്‍ഷങ്ങള്‍ക്കു മുമ്പ് നടത്തിയ കന്നട വിരുദ്ധ പരാമര്‍ശമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. കാവേരി നദീജല തര്‍ക്കത്തില്‍ ഒമ്പത് വര്‍ഷം മുമ്പ് നടത്തിയ പരാമര്‍ശത്തില്‍ സത്യരാജ് മാപ്പു പറഞ്ഞില്ലെങ്കില്‍ ബാഹുബലി 2 കര്‍ണാടകയില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി കര്‍ണാടക രക്ഷണ വേദികെ എന്ന സംഘടന രംഗത്തെത്തി. ഏപ്രില്‍ 28-ലെ ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഫിലിം ചേമ്പറിന് ഇവര്‍ കത്തു നല്‍കിയിട്ടുണ്ട്.

ഫിലിം ചേംബറിലേക്ക് മാര്‍ച്ച് നടത്തിയ പ്രതിഷേധക്കാര്‍ സത്യരാജിന്റെ കൃത്രിമ രൂപത്തില്‍ ചെരുപ്പുമാല അണിയിക്കുകയും കോലം കത്തിക്കുകയും ചെയ്തു. സത്യരാജ് മാപ്പു പറഞ്ഞില്ലെങ്കില്‍ ചിത്രത്തിന്റെ റിലീസ് അനുവദിക്കില്ലെന്ന് കര്‍ണാടക രക്ഷണ വേദികെ പ്രസിഡണ്ട് ശിവരാമെഗൗഡ പറഞ്ഞു. ഏപ്രില്‍ 28-ന് ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. തിയേറ്റര്‍ ഉടമകള്‍ ചിത്രം റിലീസ് ചെയ്യുകയാണെങ്കില്‍ പ്രതിഷേധം ശക്തമാക്കും – ഗൗഡ പറഞ്ഞു.

കര്‍ണാടക ഫിലിം ചേംബര്‍ പ്രതിഷേധക്കാര്‍ക്കൊപ്പമാണ് നിലപാടെടുത്തിരിക്കുന്നത്. നേരത്തെ ബാഹുബലിയുടെ നിര്‍മാതാക്കള്‍ ചേംബര്‍ അധികൃതരെ കണ്ടിരുന്നെങ്കിലും ചര്‍ച്ച ഫലം കണ്ടില്ല. സത്യരാജ് മാപ്പു പറയണമെന്നാണ് ചേംബറിന്റെ ആവശ്യം.

അതിനിടെ, ചിത്രത്തിന്റെ റിലീസ് തടയരുതെന്നഭ്യര്‍ത്ഥിച്ച് ബാഹുബലി സംവിധായകന്‍ എസ്.എസ് രാജമൗലി വീഡിയോ പുറത്തിറക്കി. സത്യരാജിന്റെ പ്രസ്താവന 9 വര്‍ഷം മുന്നത്തേതാണെന്നും ബാഹുബലിയുമായി അതിന് ബന്ധമൊന്നുമില്ലെന്നും രാജമൗലി പറഞ്ഞു.

ബാഹുബലി ഒന്നാം ഭാഗത്തിലൂടെ സമാഹരിച്ച പണം മുഴുവന്‍ രണ്ടാം ഭാഗത്തിന്റെ നിര്‍മാണത്തിനു വേണ്ടി ചെലവഴിച്ചു എന്നാണ് സൂചന. അതിനാല്‍, ചിത്രത്തിന്റെ റിലീസ് തടയപ്പെട്ടാല്‍ വന്‍ സാമ്പത്തിക നഷ്ടമാണുണ്ടാവുക. കര്‍ണാടകയില്‍ മാത്രം 50 കോടി രൂപക്കാണ് ചിത്രത്തിന്റെ വിതരണാവകാശം വിറ്റുപോയത്.