പ്രക്ഷോഭം തുടരും : എം എസ് എഫ്
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിധി പ്രസ്താവിക്കുന്നതിന് പരമോന്നത നീതി പീഠം സാവകാശം നല്‍കിയത് പ്രതീക്ഷക്ക് വക നല്കുന്നവയാണെങ്കിലും ഈയൊരു കാലയളവിനുള്ളില്‍ ഈ നിയമവുമായി ബന്ധപ്പെട്ട് ചില സംസ്ഥാനങ്ങളിലെങ്കിലും നടക്കുന്ന നീക്കങ്ങള്‍ തുടരാനുള്ള സംഘപരിവാറിന്റെ ശ്രമത്തിന് സാധ്യതയുണ്ട്; ആയതിനാല്‍ അതിശക്തമായ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും തന്നെയാണ് ഇതിന് പരിഹാരമെന്ന് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ക്യാമ്പസുകളില്‍ നിന്ന് തുടക്കം കുറിച്ച പ്രക്ഷോഭങ്ങളാണ് ഇന്ത്യയിലെ ജനകീയ സമരങ്ങളായി രൂപപ്പെട്ടത് എന്നത് വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമാണ്. വീണ്ടും ഈ നിയമം നടപ്പിലാക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കുമെതിരെ കൂടുതല്‍ ശക്തിയോട് കൂടിയുള്ള പ്രക്ഷോഭങ്ങള്‍ക്ക് യോജിച്ച പ്രവര്‍ത്തനങ്ങളുമായി വിദ്യാര്‍ത്ഥി സംഘടനകള്‍ മുന്നോട്ട് പോവേണ്ടതുണ്ടെന്ന് കോടതിയുടെ ഈയൊരു ഇടപെടല്‍ ബോധ്യപ്പെടുത്തുന്നു. ആയതിനാല്‍ സ്കൂളുകളിലും ക്യാമ്പസുകളിലും എം.എസ്.എഫിന്റെ നേതൃത്വത്തില്‍ തുടര്‍ന്നും ശക്തമായ പ്രക്ഷോഭങ്ങളും വിദ്യാര്‍ത്ഥി ഐക്യ കൂട്ടായ്മകളും സംഘടിപ്പിക്കുമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ് എന്നിവര്‍ അറിയിച്ചു.