ബംഗ്ലാദേശില്‍ മോദിക്കെതിരെ “ഗോ ബാക്ക്” റാലി; ശതാബ്ദി ആഘോഷം മാറ്റിവെച്ചതിലും വിവാദം

ന്യൂഡല്‍ഹി: കോറോണ വൈറസ്ബാധ ബംഗ്ലാദേശിലും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം റദ്ദാക്കി. ബംഗ്ലാദേശ് രാഷ്ട്രപിതാവ് ശൈഖ് മുജീബു റഹ്മാന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കുനായി ഈ മാസം 17നായിരുന്നു മോദിയുടെ ധാക്ക സന്ദര്‍ശനം. ശതാബ്ദി ആഘോഷത്തിലേക്ക് പ്രധാനമന്ത്രി മോദിക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ ഞായറാഴ്ചയാണ് ബംഗ്ലാദേശില്‍ ആദ്യ കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചതോടെ പ്രധാനമന്ത്രിയുടെ യാത്ര റദ്ദാക്കിയെന്നാണ് ഔദ്യോഗിക അറിയിപ്പ്.

അതേസമയം ഷെയ്ഖ് മുജിബുര്‍ റഹ്മാന്റെ ജന്മശതാബ്ദി ആഘോഷം മാര്‍ച്ച് 17 ല്‍ നിന്നും മാറ്റിവെച്ച തീരുമാനിച്ചതിന് പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ബംഗ്ലാദേശിലുയര്‍ന്ന പ്രതിഷേധങ്ങള്‍ വിവാദമാവുന്നു. പൗരത്വഭേദഗതി പ്രതിഷേധക്കാരെ ഉന്നംവെച്ച് ഡല്‍ഹിയില്‍ നടന്ന കലാപത്തെ തുടര്‍ന്ന് ബംഗ്ലാദേശില്‍ മോദിയുടെ സന്ദര്‍ശനത്തിനെതിരെ തെരുവുകളില്‍ വന്‍ പ്രതിഷേധങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. കലാപം അടിച്ചമര്‍ത്തുന്നതില്‍ പരാജയപ്പെട്ട മോദി ധാക്കയിലേക്ക് വരുന്നത് തടയണമെന്ന ആവശ്യം ഉന്നയിച്ചാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്.

ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരെ ബംഗ്ലാദേശില്‍ # GoBackModi, # GetOutModi എന്നീ ഹാഷ് ടാഗുകള്‍ സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡാവുകയും ചെയ്തിരുന്നു. മോദിയുടെ സന്ദര്‍ശനത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തില്‍ ബംഗ്ലാദേശില്‍ 12 പേര്‍ക്ക് പരിക്കേറ്റതായ് റിപ്പോര്‍ട്ടുണ്ട്.

തെക്കന്‍ ദ്വീപായ ഹതിയയില്‍ പ്രതിഷേധക്കാരുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇതോടെ പ്രതിഷേധം ആയുധമാക്കി ബംഗ്ലാദേശ് സര്‍ക്കാറിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. മോദി സന്ദര്‍ശനം നടത്തിയാണ് തെരുവില്‍ പ്രതിഷേധ റാലികള്‍ നടത്തുമെന്ന ആശങ്കയും നിലനിന്നിരുന്നു.

അതിനാല്‍, ബംഗ്ലാദേശ് രാഷ്ട്രപിതാവിന്റെ ജന്മശതാബ്ദി ആഘോഷം കൊറോണ മൂലം മാറ്റിവെച്ചത് മോദിക്കും ബംഗ്ലാദേശ് സര്‍ക്കാറിനും ആശ്വാസമായെന്നാണ് സോഷ്യല്‍മീഡിയ വിലയിരുത്തല്‍. പൗരത്വഭേദഗതി നിയമം നിലവില്‍ ഇന്ത്യ-ബംഗ്ലാദേശ് നയതന്ത്രമേഖലയില്‍ പിരിമുറുക്കമുണ്ടായിരുന്നു. വിവാദങ്ങളെ തുടര്‍ന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി മുതല്‍ സ്പീക്കര്‍ വരെയുള്ള നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ ഇന്ത്യയിലേക്കുള്ള യാത്ര അവസാന നിമിഷം മാറ്റിവച്ചിരുന്നു.

തുടര്‍ന്നാണ് ഡല്‍ഹിയില്‍ കലാപവും മരണങ്ങളും സംഭവിച്ചത്. കലാപത്തെത്തുടര്‍ന്ന് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 53 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.