യോഗി വരാതെ മൃതദേഹം സംസ്‌കരിക്കില്ല: ഉന്നാവില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം

ലഖ്‌നൗ: ഉന്നാവില്‍ ബലാത്സംഗക്കേസിലെ പ്രതികള്‍ തീവെച്ച് കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം മുഖ്യമന്ത്രി വരാതെ സംസ്‌കരിക്കില്ലെന്ന് ബന്ധുക്കള്‍. മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഉന്നാവിലെ വസതിയിലെത്തണമെന്നും അതിനുശേഷം മാത്രമേ കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം സംസ്‌കരിക്കുകയുള്ളൂവെന്നുമാണ് ഇവരുടെ നിലപാട്.

പ്രതികളെ തൂക്കിക്കൊല്ലണമെന്നും തനിക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും കൊല്ലപ്പെട്ട യുവതിയുടെ സഹോദരി പ്രതികരിച്ചു. മുഖ്യമന്ത്രി വരുന്നത് വരെ പ്രതിഷേധം തുടരുമെന്നും അവര്‍ പറഞ്ഞു.

മകളെ ഇല്ലാതാക്കിയവരെ ഹൈദരാബാദിലേത് പോലെ വെടിവെച്ചു കൊല്ലണമെന്നായിരുന്നു യുവതിയുടെ പിതാവിന്റെ പ്രതികരണം. ഇതില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉറപ്പുനല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം രാത്രി ഒമ്പതുമണിയോടെയാണ് കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം വന്‍സുരക്ഷാ അകമ്പടിയോടെ ഉന്നാവിലെ വസതിയിലെത്തിച്ചത്. 90 ശതമാനവും പൊള്ളലേറ്റതിനാല്‍ മൃതദേഹം ദഹിപ്പിക്കാതെ മറവുചെയ്യാനാണ് ബന്ധുക്കളുടെ തീരുമാനം.

SHARE