പ്രതിഷേധം പടരുന്നു; കൂടുതല്‍ ഇടങ്ങളില്‍ ഇന്റര്‍നെറ്റ് നിരോധനവും നിരോധനാജ്ഞയും

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധം കനത്തതോടെ കൂടുതല്‍ ഇടങ്ങളില്‍ നിരോധനാജ്ഞയും ഇന്റര്‍നെറ്റ് നിയന്ത്രണവുമായി സര്‍ക്കാര്‍. ഇന്നലെ കനത്ത പ്രക്ഷോഭം നടന്ന യുപിയില്‍ കൂടുതല്‍ ഇടങ്ങളില്‍ ഇന്റര്‍നെറ്റ് വിലക്കി. മംഗളൂരുവില്‍ ഇന്നലെ നടന്ന പോലീസ് ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം നേരിടുകതന്നെ ചെയ്യുമെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ലക്‌നൗവിലെയും മറ്റും അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ചര്‍ച്ച നടത്തി. അക്രമം നേരിടാന്‍ ശക്തമായ നടപടി വേണമെന്ന് സംസ്ഥാനങ്ങളോടു നിര്‍ദ്ദേശിച്ചതായി ആഭ്യന്തര സഹമന്ത്രി ജി.കിഷന്‍ റെഡ്ഡി പറഞ്ഞു. ദേശീയ പൗരത്വ റജിസ്റ്റര്‍ നടപ്പാക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹിന്ദു, ഉര്‍ദു പത്രങ്ങളിലെ പരസ്യങ്ങളിലൂടെ വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്.

രാജ്യത്തെ 24 സംസ്ഥാനങ്ങളിലായി 56 ഇടങ്ങളിലാണ് ഇന്നലെ പ്രതിഷേധം അരങ്ങേറിയത്. സംഘര്‍ഷം തടയുന്നതിന്റെ ഭാഗമായി ഇവിടങ്ങളില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹി, ബെംഗളൂരു, മംഗളൂരു, മൈസൂരു തുടങ്ങിയ കേന്ദ്രങ്ങളിലും സര്‍ക്കാര്‍ ഇന്റര്‍നെറ്റ് വിലക്കി. കൂടാതെ അസിമലെ എല്ലാ ജില്ലകളിലും രാജ്യത്തിന്റെ മറ്റു ചില കേന്ദ്രങ്ങളിലും മൊബൈല്‍ ഇന്റര്‍നെറ്റിനും വോയ്‌സ് കോളുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതാദ്യമായാണ് രാജ്യതലസ്ഥാനത്ത് ഇന്റര്‍നെറ്റ്, വോയ്‌സ് കോളുകള്‍, എസ്എംഎസുകള്‍ തുടങ്ങിയവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ, റിലയന്‍സ് ജിയോ തുടങ്ങി പ്രമുഖ മൊബൈല്‍ ഓപ്പറേറ്റര്‍മാരുടെ സേവനമാണ് ഡല്‍ഹി നഗരത്തിന്റെ പലയിടങ്ങളിലും നിര്‍ത്തലാക്കിയത്.

നഗരത്തിലെ 20 സ്‌റ്റേഷനുകളാണ് പ്രതിഷേധം കണക്കിലെടുത്ത് പൂട്ടിയത്. എന്നാല്‍ കനത്ത പ്രതിഷേധം അരങ്ങേറുന്ന ജാമിയ മിലിയ, ജസോള വിഹാര്‍ ഷഹീന്‍ ബാഗ് എന്നീ മെട്രോ സ്‌റ്റേഷനുകള്‍ ഒഴികെയുള്ള 18 സ്‌റ്റേഷനുകള്‍ പിന്നീട് തുറന്നു.

SHARE