ലക്നൗ: ഉത്തര്‍പ്രദേശില്‍ പ്രതിഷേധിക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടാന്സര്ക്കാര് നടപടി ആരംഭിച്ചു. മുസാഫര്‍ നഗറില്‍ 50 കടകള്‍ ജില്ലാ ഭരണകൂടം സീല്‍ ചെയ്തു. കടകളുടെ പരിസരങ്ങളില്‍ പ്രതിഷേധങ്ങള്‍ക്ക് സൗകര്യമൊരുക്കുമെന്ന് പറഞ്ഞാണ് പൊലീസ് നടപടി.
അതേസമയം, കാന്‍പുരിലും റാംപുരിലും ഇന്നലെ വീണ്ടും ആക്രമണങ്ങളുണ്ടായി. സമാജ്വാദി പാര്‍ട്ടി എം.എല്‍.എ അമിതാബ് ബാജ്പേയി, മുന്‍ എം.എല്‍.എ കമലേഷ് തിവാരി എന്നിവരെ മുന്‍കരുതലായി അറസ്റ്റ് ചെയ്തു. റാംപുരില്‍ ഇന്നലെ ബന്ദായിരുന്നു. പൊലീസിനു നേരെ കല്ലെറിഞ്ഞുവെന്ന് ആരോപിച്ച് കണ്ണീര് വാതകം പ്രയോഗിച്ചു.
പൊലീസ് സമരങ്ങളെ അക്രമത്തിലൂടെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. ഇന്നലെയും ഒരാള്‍ക്ക് വെടിയേറ്റു. പരുക്കേറ്റ അഞ്ച് പ്രക്ഷോഭകരില്‍ ഒരാളുടെ നില ഗുരുതരമാണ്. നാലു ദിവസത്തിനു ശേഷം അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി ക്യാംപസില്‍ ഇന്നലെ പ്രതിഷേധമുണ്ടായി. അധ്യാപകരും മറ്റു ജീവനക്കാരും പങ്കെടുത്തു. 15, 16 തീയതികളിലുണ്ടായ സംഘര്‍ഷങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ വൈസ് ചാന്‍സലര്‍ താരിഖ് മന്‍സൂര്‍ റിട്ട. ജസ്റ്റിസ് വി.കെ.ഗുപ്തയെ നിയോഗിച്ചു.
പ്രതിഷേധിക്കുന്നവരോട് പ്രതികാരം ചെയ്യുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. എല്ലാ പരിപാടികളും റദ്ദാക്കി മുഖ്യമന്ത്രി തലസ്ഥാനത്ത് തങ്ങുകയാണ്. പ്രതിഷേധിക്കുന്നവരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ അടിച്ചൊതുക്കാനാണ്പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.