പൗരത്വ നിയമഭേദഗതി പരിഗണിക്കാനിരിക്കെ സുപ്രീംകോടതിക്ക് മുന്നില്‍ രാത്രിയില്‍ അപ്രതീക്ഷിത പ്രതിഷേധം; അറസ്റ്റ്; സുരക്ഷ ശക്തമാക്കി

ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതി പരിഗണിക്കാനിരിക്കെ നിയമത്തിനെതിരെ രാത്രിയില്‍ സുപ്രീംകോടതിക്ക് മുന്നില്‍ അപ്രതീക്ഷിത പ്രതിഷേധം. അമ്പതോളം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന സംഘമാണ് ചൊവ്വാഴ്ച രാത്രി 11 മണിയോടെ സുപ്രീംകോടതിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. ഡല്‍ഹി റാണിഗാര്‍ഡില്‍ നിന്നുള്ള പ്രതിഷേധക്കാരാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്.

സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് പ്രതിഷേധിച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതിഷേധത്തിനുള്ള സാധ്യത കണക്കിലെടുത്ത് സുപ്രീംകോടതിയുടെ സുരക്ഷ ശക്തമാക്കി.

അതിനിടെ, പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. ജസ്റ്റിസുമാരായ എസ് അബ്ദുള്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവരാണ് ഹര്‍ജികള്‍ പരിഗണിക്കുക. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് 144 ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ഇത് ആദ്യമായാണ് ഒരു കേസില്‍ ഇത്രയും അധികം ഹര്‍ജികള്‍ വരുന്നത്.

നിയമ ഭേദഗതി ഭരണഘടനവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സ്യൂട്ട് ഹര്‍ജി ഇന്നത്തെ പരിഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സ്യൂട്ട് ഹര്‍ജിയായതിനാല്‍ അത് പ്രത്യേകം പരിഗണിക്കാനാകും സാധ്യത.

SHARE