കൊല്‍ക്കത്ത: വന്‍ സുരക്ഷാ സന്നാഹത്തെ മറികടന്ന് കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ കരിങ്കൊടി വീശി പ്രതിഷേധക്കാര്‍. കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ ആഘോഷങ്ങളുടെ ഭാഗമായുള്ള ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനായി നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് എത്തിയ മോദി സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നതിനിടെ ഒരു സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ‘മോഡി ഗോ ബാക്ക്’ എന്ന് ആക്രോശിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കുകയമായിരുന്നു.
അപ്രതീക്ഷിത പ്രതിഷേധമാണ് നടന്നതെന്നും പൊലീസ് നടപടിയെടുക്കുകയും പ്രതിഷേധം തടയാന്‍ ശ്രമിക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ പൊലീസിന്റെ പ്രതിരോധം ഭേദിച്ച് പ്രകടനക്കാര്‍ ആക്രമണോത്സുകരായി ബാരിക്കേഡ് മറികടന്ന് സ്റ്റേഡിയത്തിലേക്ക് കടക്കാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥക്ക് കാരണമായി. ഏതാനും പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത പൊലീസ്, ഇവരെ ലാല്‍ബസാറിലെ സിറ്റി പൊലീസ് ആസ്ഥാനത്തേക്ക് കൊണ്ടുപോയതായാണ് റിപ്പോര്‍ട്ടുകള്‍.