രാജ്യവ്യാപകമായി പ്രതിഷേധം കത്തുന്നു; പലയിടത്തും നിരോധനാജ്ഞ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കത്തുന്നു. ജാമിഅ മില്ലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രതിഷേധ മാര്‍ച്ചിനു പൊലീസ് അനുമതി നിഷേധിച്ചു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ബെംഗളൂരുവും മംഗലാപുരവും ഉള്‍പ്പെടെ കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ബെംഗളൂരുവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയെ പോലീസ് കസ്റ്റഡിയിലെടുത്തു. ടൗണ്‍ ഹാളിനു സമീപം നടന്ന പ്രതിഷേധത്തില്‍ പങ്കെടുക്കുകയായിരുന്നു ഗുഹ.

ഗാന്ധിജിയുടെ ചിത്രം കയ്യില്‍പിടിച്ച് ഭരണഘടനയെ കുറിച്ച് മാധ്യമങ്ങളോടു സംസാരിച്ചതിന് തന്നെ പോലീസ് അറസ്റ്റ് ചെയ്തുവെന്ന് രാമചന്ദ്ര ഗുഹ പ്രതികരിച്ചു.എന്നാല്‍ ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ മാര്‍ച്ചിന് അനുമതി നല്‍കിയിട്ടില്ലെന്നു ഡല്‍ഹി പൊലീസ് കമ്മിഷണര്‍ അറിയിച്ചു. ചെങ്കോട്ടയില്‍ റാലികളും പൊതുയോഗങ്ങളും അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു.

SHARE