പൗരത്വനിയമത്തിനെതിരെ റിപ്പബ്ലിക് ദിനത്തില്‍ ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യന്‍ രാഷ്ട്രപതിക്ക് ഭീമ ഹര്‍ജി

മെല്‍ബണ്‍: മതത്തിന്റെ പേരില്‍ ഇന്ത്യന്‍ പൗരന്‍മാരെ വേര്‍തിരിക്കുന്ന പൗരത്വഭേദഗതി നിയമത്തിനെതിരെ ഓസ്‌ട്രേലിയയിലെ ഇന്ത്യക്കാരുടെ കൂട്ടായ്മയായ സെക്കുലര്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ രാഷ്ട്രപതിക്ക് ഭീമഹര്‍ജി സമര്‍പ്പിക്കുന്നു. വൈകീട്ട് നാല് മണിക്ക് പൗരത്വനിയമത്തിനെതിരെ പ്രതിഷേധസംഗമവും സംഘടിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി തുടങ്ങിയവര്‍ സംഗമത്തെ അഭിവാദ്യം ചെയ്യും.

രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ വധിച്ച അതേ വെടിയുണ്ട തന്നെയാണ് ഇപ്പോള്‍ ഇന്ത്യന്‍ മതേതരത്വത്തിന്റെ നെഞ്ചിലേക്കും പാഞ്ഞുവരുന്നതെന്ന് സെക്കുലര്‍ ഫോറം ഭാരവാഹികള്‍ പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തേയും മതേതരത്വത്തേയും രാജ്യത്തിന്റെ ഭരണഘടനയേയും സംരക്ഷിക്കേണ്ടത് തങ്ങളുടെ കൂടി ബാധ്യതയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് പൗരത്വനിയമത്തിനെതിരെ പ്രതിഷേധിക്കുന്നത്. പൗരത്വഭേദഗതി നിയമത്തിനെതിരെ ഇതുവരെ നിരവധി പ്രതിഷേധ പരിപാടികള്‍ ഇന്ത്യന്‍ സെക്കുലര്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഓസ്‌ട്രേലിയയില്‍ സംഘടിപ്പിച്ചിട്ടുണ്ട്. നിയമം പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

SHARE