
കെ. മൊയ്തീന്‍കോയ
ഇസ്രാഈലി തെരുവുകളില്‍ പ്രതിഷേധം കനക്കുകയാണ്. ഏഴ് പതിറ്റാണ്ടിന്റ ചരിത്രമുള്ള ഈ ജൂതരാഷ്ട്രം കണ്ടതില്‍ വെച്ചേറ്റവും വലിയ പ്രതിഷേധം. പ്രബല പാര്‍ട്ടികളായ ലിക്കുഡും ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടിയും സംയുക്തമായി ഐക്യ സര്‍ക്കാറിനെ നയിക്കുമ്പോള്‍ പാര്‍ട്ടികള്‍ക്ക് അതീതമായ പ്രക്ഷോഭത്തില്‍ പതിനായിരങ്ങള്‍ അണിനിരക്കുന്നത് ഭരണ കേന്ദ്രങ്ങളെ അമ്പരപ്പിക്കുന്നു. കൊറോണ വ്യാപനം തടയുന്നതില്‍ പരാജയപ്പെട്ടതിനാലും അഴിമതി കേസുകളില്‍ വിചാരണ നേരിടുന്നതിനാലും പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹു രാജിവെക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. അധ്യാപകരും എഴുത്തുകാരും സാമൂഹിക പ്രവര്‍ത്തകരും തുടങ്ങിവെച്ച പ്രക്ഷോഭം യുവാക്കള്‍ ഏറ്റെടുത്തതോടെ തെരുവുകള്‍ നിറഞ്ഞൊഴുകുന്നു. സെന്‍ട്രല്‍ ജറൂസലം, ടെല്‍ അവീവ് എന്നിവിടങ്ങളിലെ പ്രക്ഷോഭങ്ങളില്‍ പതിനായിരത്തിലേറെ അണിനിരന്നു. രണ്ടാഴ്ചയോളമായി തുടരുന്ന പ്രക്ഷോഭത്തില്‍ ഇസ്രാഈലി പതാകയാണ് ഉയര്‍ത്തിപിടിക്കുന്നത്. മൂന്ന് അഴിമതി കേസുകളില്‍ വിചാരണ നേരിടുന്ന നെതന്യാവുവിനെ ‘ക്രൈംമിനിസ്റ്റര്’ എന്നാണ് പ്രക്ഷോഭകര്‍ വിശേഷിപ്പിക്കുന്നത്. പ്രക്ഷോഭം തുടക്കത്തില്‍ നയിച്ച മുന്‍ വ്യോമ സേനാനായകന് അറസ്റ്റ് ചെയ്യപ്പെട്ടത് സ്ഥിതി വഷളാക്കി. അയല്പക്ക അറബ് നാടുകളില്‍ അരങ്ങേറിയ മുല്ലപ്പൂ വിപ്ലവത്തെയാണ് മാതൃകയാക്കുന്നതത്രെ.
2) കൊവിഡ് പശ്ചാത്തലത്തില്‍ ഇസ്രാ ഈല്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പദ്ധതി ജനങ്ങളില്‍ എത്തിയില്ല. എട്ട് ലക്ഷം തൊഴില്‍ നഷ്ടം ഇസ്രാഈലിന് താങ്ങാവുന്നതില്‍ ഏറെയാണ്. തൊഴിലില്ലായ്മ 20 ശതമാനമായി ഉയര്‍ന്നു. ഫ്രഞ്ച് വിപ്ലവത്തിന്റെ 23 ാം വാര്‍ഷിക ദിനത്തില്‍ ജൂലൈ 13 ന് ഏതാനും പേര് മാത്രമാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. അതാണ് പിന്നീട് കത്തിപ്പടര്‍ന്നത്. കൊറോണ വ്യാപനം പശ്ചിമേഷ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഇസ്രാഈലില്‍ കൂടുതലാണ്. മരണസംഖ്യ ആയിരത്തിലെത്തി. ലോക്ഡൗണ്‍ പ്രഖ്യാപനം സാമ്പത്തിക മേഖല തകര്‍ത്തു. അഴിമതി കേസില്‍ വിചാരണ നേരിടുന്ന പ്രധാനമന്ത്രി ഇക്കാര്യത്തില്‍ ഗൗരവമായി ഇടപെടുന്നില്ല. സ്ഥാനത്തിരിക്കുമ്പോള്‍ കോടതി വിചാരണ നേരിടുന്ന ആദ്യത്തെ ഇസ്രാഈലി പ്രധാനമന്ത്രിയാണ് നെതന്യാഹു. ഇടതുപക്ഷക്കാരും അരാജകത്വവാദികളുമാണ് പ്രക്ഷോഭത്തിന് പിന്നിലെന്നാണ് നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി കുറ്റപ്പെടുത്തുന്നത്. രണ്ട് പ്രമുഖ വാര്‍ത്താചാനലുകള്‍ പ്രക്ഷോഭത്തിന് അനാവശ്യ പ്രചാരണം നല്‍കുന്നതായും ലിക്കുഡ് പാര്‍ട്ടി വിമര്‍ശിച്ചു. പ്രതിരോധ മന്ത്രിയും ഭരണ മുന്നണിയിലെ രണ്ടാമനുമായ ബെന്നി ഗാര്‍ഡ്സ് പ്രക്ഷോഭത്തെക്കുറിച്ച് മൗനത്തിലാണ്.
3) ഒന്നര വര്‍ഷത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് ശേഷമാണ് ഐക്യ സര്‍ക്കാര്‍ മെയ് 17ന് രൂപീകരിക്കുന്നത്. ഇതിനിടക്ക് മൂന്ന് തവണ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടന്നുവെങ്കിലും ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല. ലിക്കുഡ്, ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടികള്‍ ഒപ്പത്തിനൊപ്പം നിന്നു. അവസരങ്ങള്‍ മാറി മാറി നല്‍കിയെങ്കിലും മന്ത്രിസഭ ഉണ്ടാക്കാന്‍ കഴിയാതെ വന്നപ്പോഴാണ് അവസാനം ഇരു പാര്‍ട്ടികളും ചേര്‍ന്ന് ഐക്യ സര്‍ക്കാര്‍ രൂപീകരിച്ചത്. ഒന്നര വര്‍ഷം കഴിയുമ്പോള്‍ നെതന്യാഹു പ്രധാനമന്ത്രി സ്ഥാനം ബെന്നി ഗാര്‍ഡ്സിന് കൈമാറണമെന്നാണ് ധാരണ. ഇസ്രാഈലിലെ രാഷ്ട്രീയ പ്രതിസന്ധി പെട്ടെന്ന് നീങ്ങുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. സാധാരണ നിലക്ക് ഇസ്രാഈലിന്റെ സഹായത്തിന് അമേരിക്ക എത്താറുള്ളതാണ്. എന്നാല്‍ അവരുടെ സ്ഥിതിയും മെച്ചപ്പെട്ടതല്ല. കൊവിഡ് വ്യാപനത്തില്‍ ഇപ്പോഴും അമേരിക്ക തന്നെയാണ് മുന്‍പന്തിയില്‍ നില്ക്കുന്നത.് മരണനിരക്കിലും അവര്‍ തന്നെ. സമ്പദ്ഘടനയില്‍ വന്‍ തകര്‍ച്ചയുണ്ട്. ഇസ്രാഈലിന്റെ സുരക്ഷാകാര്യത്തില്‍ തലയിടാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പ്രയാസമുണ്ട്. ഈ വര്‍ഷം നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. എതിര് സ്ഥാനാര്‍ത്ഥി ജോ ബൈഡനേക്കാള്‍ വളരെ പിറകിലാണിപ്പോള്‍. തോല്‍വി മുന്നില്‍ കണ്ട് തെരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ ട്രംപ് പ്രസ്താവനയിറക്കിയിട്ടുണ്ടെങ്കിലും സ്വന്തം പാര്‍ട്ടിക്കാരായ റിപ്പബ്ലിക്കന്‍സ് തന്നെ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ തലയൂരി. ഈ സാഹചര്യത്തില്‍ സന്തത സഹചാരിയാണെങ്കിലും നെതന്യാഹുവിനെ സഹായിക്കാന്‍ എത്തുക പ്രയാസമാണ്.
4) നെതന്യാഹുവിന് അധികകാലം പിടിച്ച് നില്ക്കാന് കഴിയില്ലെന്ന് പ്രക്ഷോഭം തെളിയിക്കുന്നു. രാഷ്ട്രീയ പിന്തുണയില്ലെങ്കിലും നാള്‍ക്കുനാള്‍ പ്രക്ഷോഭം ശക്തമാവുന്നു. ജൂലൈയ് ഒന്നിന് ഫലസ്തീനിലെ വെസ്റ്റ് ബാങ്ക് കയ്യടക്കുമെന്ന് പ്രഖ്യാപിച്ചതായിരുന്നുവെങ്കിലും അവസാന നിമിഷം പിന്മാറേണ്ടിവന്നത് നെതന്യാഹുവിന്റെ ശക്തി ചോര്‍ന്നതിന് തെളിവായി പശ്ചിമേഷ്യന്‍ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. പ്രഖ്യാപനം മാറ്റിവെക്കാന്‍ ഇസ്രാഈല്‍ നിര്‍ബന്ധിതരായി. ഇറാനുമായുള്ള സൈബര്‍ യുദ്ധം അനിശ്ചിതത്വത്തിലുമാണ്. പ്രക്ഷോഭകരുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനം ഉണ്ടായില്ല. രാജിയില്‍ കുറഞ്ഞതൊന്നും പ്രക്ഷോഭകര്‍ക്ക് സ്വീകാര്യമല്ല. തീവ്ര ജൂതസംഘങ്ങളെ പ്രക്ഷോഭകര്‍ക്കെതിരെ ഇളക്കിവിട്ടു പലേടത്തും സംഘര്‍ഷം സൃഷ്ടിച്ചുവെങ്കിലും പ്രക്ഷോഭം തണുപ്പിക്കാന്‍ കഴിഞ്ഞില്ല. സ്തുതിപാഠകരെ വിട്ട് സര്‍ക്കാറിനെ പ്രകീര്‍ത്തിക്കാന്‍ ശ്രമവും നടന്നു. കഴിവുകെട്ട ഭരണാധികാരികള്‍ പല ലോക രാജ്യങ്ങളിലും കാണിച്ചുവരുന്ന അടവുകള്‍ ഇസ്രാഈലില്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും വിലപ്പോകുന്നില്ല. വംശീയതയേയും മതത്തെയും കൂട്ടുപിടിച്ചു ഭരണം നിലനിര്‍ത്താന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും ഈ ഭരണാധികാരിക്ക് വഴിമാറേണ്ടി വരും.