ശാന്തിവനം ജൈവക്യാമ്പസ് നശിപ്പിക്കാനുള്ള കെ.എസ്.ഇ.ബി നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു

എറണാകുളം: എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ശാന്തിവനം ജൈവക്യാമ്പസ് നശിപ്പിക്കാനുള്ള കെ.എസ്.ഇ.ബി അധികൃതരുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ഒരു അമ്മയും മകളും കരുതലോടെ കൊണ്ട് നടക്കുന്ന വനത്തിന്റെ മുകളിലാണ് കെ.എസ്.ഇ.ബി കത്തിവെക്കാന്‍ ഒരുങ്ങുന്നത്. 200 വര്‍ഷത്തോളം പഴക്കമുള്ള ജൈവ സമ്പത്താണ് ഇവിടെ നശിക്കാന്‍ പോകുന്നത്. നോര്‍ത്ത് പറവൂരില്‍ ദേശീയപാതയോട് ചേര്‍ന്ന് വഴിക്കുളങ്ങര ഭാഗത്താണ് ശാന്തിവനം സ്ഥിതിചെയ്യുന്നത്.

നഗര മദ്ധ്യത്തില്‍ ഏറെ ശാന്തതയോടെ രണ്ടേക്കറോളം വ്യാപിച്ച് കിടക്കുന്നതാണ് ശാന്തിവനം. ഒരു കോണില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ വീടും മുറ്റവും ഒഴിച്ചാല്‍ ബാക്കി മുഴുവന്‍ നിബിഡമായ ജൈവസമ്പത്താണ്. ഇവിടെയാണ്, മന്നത്ത് നിന്ന് ചെറായിലേക്കുള്ള 110 കെ.വി വൈദ്യതി ലൈന്‍ വലിക്കുന്നതിന്റെ ഭാഗമായി ശാന്തിവനത്തിന്റെ ഒത്ത നടുവില്‍ വൈദ്യതി ലൈന്‍ കടത്തിവിടാനുള്ള ടവര്‍ സ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി നീക്കം നടത്തുന്നത്. നിലവില്‍ പണി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 50 മീറ്റര്‍ താഴ്ചയില്‍ അഞ്ച് പില്ലറുകള്‍ സ്ഥാപിക്കാനുള്ള പൈലിംഗ് വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

മൂന്നു കാവുകളും മൂന്നു കുളങ്ങളും ഉള്ള ശാന്തിവനം വംശനാശ ഭീഷണി നേരിടുന്ന നിരവധി ജീവജാലങ്ങളുടെ ആവാസ സ്ഥലം കൂടിയാണ്. ഇവിടെയാണ് ഇപ്പോള്‍ പൈലിംഗ് ജോലികള്‍ നടക്കുന്നത്. പരിസ്ഥിതി പഠിതാക്കളുടെയും പക്ഷി നിരീക്ഷകരുടെയും പ്രിയ ഭൂമിയാണ് ശാന്തിവനം. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, നാഷണല്‍ മ്യുസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി തുടങ്ങിയവയും പഠനങ്ങള്‍ നടത്തി ശാന്തിവനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സാക്ഷ്യപെടുത്തിയിട്ടുണ്ട്.

നിരവധിയായ മരങ്ങള്‍കൊണ്ടും അപൂര്‍വ്വ ഇനം ജീവികളെ കൊണ്ടും സമ്പന്നമാണ് ശാന്തിവനം. എന്നാല്‍ കെ.എസ്.ഇ.ബി യുടെ ‘വികസന’ പദ്ധതികൊണ്ട് ഈ മരങ്ങളുടെ വേരുകള്‍ അറക്കാന്‍ പോവുകയാണ്. കെ.എസ്.ഇ.ബി വെട്ടാന്‍ 48 മരങ്ങളാണ് വെട്ടാന്‍ വേണ്ടി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ കെ.എസ്.ഇ.ബി പണി തുടങ്ങിയപ്പോഴേക്കും ലിസ്റ്റില്‍ പെടാത്ത 8 മരങ്ങള്‍ ഇതിനോടകം വെട്ടിക്കഴിഞ്ഞു. ഇത്തരത്തില്‍ പണി തുടര്‍ന്നാല്‍ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ശാന്തിവനം ഓര്‍മ്മയാകും.

ശാന്തിവനത്തിനകത്ത് കൂടി വൈദ്യതി ലൈന്‍ സ്ഥാപിക്കുന്നതിനെതിരെ കളക്ടര്‍ക്ക് പരാതി കൊടുത്തതിന്റെ ഫലമായി പ്രൊജക്ട് നിര്‍ത്തിവെക്കാനും മറ്റ് വഴികള്‍ കണ്ടത്താനും കെ.എസ്.ഇ.ബിക്ക് നിര്‍ദേശം നല്‍കയിരുന്നു. അങ്ങനെ, കെ.എസ്.ഇ.ബി ഈ പദ്ധതി നടപ്പിലാക്കാന്‍ വേറൊരു റൂട്ട് മുന്നോട്ട് വെക്കുകയും ചെയ്തു. അത് കാമ്പസിന്റെ വശത്തിലൂടെ, ശാന്തിവനത്തിലെ ജൈവ സമ്പത്തിനെ കാര്യമായി ബാധിക്കാത്ത തരത്തില്‍ ഉള്ള ലൈന്‍ ആയിരുന്നു. എന്നാല്‍, പിന്നീട് എ.ഡി.എം തന്നെ ശാന്തിവനത്തിനു നടുവില്‍ കൂടി തന്നെ ലൈന്‍ വലിക്കാനുള്ള ഉത്തരവ് പുറപെടുവിക്കുകയും ചെയ്തു.

മാറ്റി സ്ഥാപിക്കാന്‍ ഉദ്ദേശിച്ച സ്ഥലം ഉടമ കെ.എസ്.ഇ.ബിയുടെ ആള്‍ട്ടര്‍നേറ്റ് പ്രൊപോസല്‍ തള്ളിയതാണ് അതിനു കാരണമെന്നാണ് വിശദീകരണം. എന്നാല്‍, ആള്‍ട്ടര്‍നേറ്റ് പ്രൊപോസല്‍ തള്ളാന്‍ തരത്തില്‍ രേഖാമൂലമോ അല്ലാതെയോ ഒരു ആവശ്യം ഉന്നയിക്കുകയോ ചെയ്തിട്ടില്ല. ഒറിജിനല്‍ പ്ലാന്‍ ആള്‍ട്ടര്‍നേറ്റ് പ്ലാന്‍ വെച്ചു നോക്കുമ്പോള്‍ കെ.എസ്.ഇ.ബിയെ സംബന്ധിച്ചും മികച്ച ഒരു ഓപ്ഷന്‍ അല്ല.

ഈ കേസ് ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച് കെ.എസ്.ഇ.ബിക്ക് നഷ്ടം വരുന്ന തരത്തില്‍ ശാന്തിവനത്തിനുള്ളില്‍ കൂടി തന്നെ ലൈന്‍ കടത്തിവിട്ടാലേ പ്രൊജക്റ്റ് നടത്താന്‍ കഴിയു എന്നായിരുന്നു കെ.എസ്.ഇ.ബിയുടെ വാദം. എന്തിന് ഇങ്ങനെ വാദിച്ചു എന്നതിന്റെ ഉത്തരം, അള്‍ടര്‍നേറ്റ് പ്ലാന്‍ വഴി ലൈന്‍ വലിക്കുമ്പോള്‍ അതിന്റെ ക്ലിയറന്‍സ് ഏരിയ ആയ 22 മീറ്റര്‍ ലെ 11മീറ്റര്‍ അടുത്ത പറമ്പില്‍ കൂടിയാണ് എന്നും ആ പറമ്പിന്റെ ഉടമസ്ഥന്‍ പ്രബലനായ ഒരു വ്യവസായിയും കെ.എസ്.ഇ.ബി മുന്‍ ചെയര്‍മാന്റെ മകനും ആണെന്ന ആരോപണവും ഉയരുന്നുണ്ട്.

SHARE