അച്ഛന്റെ ശ്രാദ്ധത്തിന് ദിലീപ് കഴിഞ്ഞ വര്‍ഷം എത്തിയിട്ടില്ല; നാടകമെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: അച്ഛന്റെ ശ്രാദ്ധത്തിന് പങ്കെടുക്കാന്‍ അനുവദിക്കണമെന്ന നടന്‍ ദിലീപിന്റെ അപേക്ഷക്കെതിരെ പ്രോസിക്യൂഷന്‍. കഴിഞ്ഞ വര്‍ഷത്തെ ശ്രാദ്ധ ചടങ്ങുകള്‍ക്ക് ദിലീപ് എത്തിയിരുന്നില്ല. വൈകിയ വേളയില്‍ ഇത്തരത്തിലുള്ള ആവശ്യവുമായി രംഗത്തുവന്നതില്‍ ദുരൂഹതയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ദിലീപിനെ ജയിലിനു പുറത്തുവിടാന്‍ അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. ഈ മാസം ആറിനാണ് ദിലീപിന്റെ അച്ഛന്‍ പത്മനാഭന്‍ പിള്ളയുടെ ശ്രാദ്ധം. രാവിലെ ഏഴു മുതല്‍ 11 വരെ വീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നായിരുന്നു ദിലീപ് ആവശ്യപ്പെട്ടത്.
അങ്കമാലി കോടതിയിലായിരുന്നു ദിലീപ് അപേക്ഷ സമര്‍പ്പിച്ചത്. ചടങ്ങില്‍ പങ്കെടുക്കാതിരിക്കാനാവില്ലെന്നും ജയിലില്‍ നിന്ന് പൊലീസ് കാവലില്‍ ബലിയിടാന്‍ പോയി വരാമെന്നും ദിലീപ് അപേക്ഷയില്‍ വ്യക്തമാക്കി. അതേസമയം, ദിലീപിന്റെ റിമാന്റ് കാലാവധി ഈ മാസം 16 വരെ നീട്ടി. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ദിലീപിനെ കോടതി മുമ്പാകെ ഹാജരാക്കിയത്.

SHARE