പൗരത്വ നിഷേധത്തിനുള്ള ശ്രമം ചെറുക്കും: പ്രൊഫ. ഖാദര്‍ മൊയ്തീന്‍


കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മുസ്്‌ലിം ലീഗിന് പുതിയ നേതൃത്വം. സഫറുള്ള മൊല്ല പ്രസിഡണ്ടായും അബ്ദുള്‍ ഹുസൈന്‍ മൊല്ല ജനറല്‍ സെക്രട്ടറിയായും അബ്ദുള്‍ ബാരി ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. ഫാറൂഖ് ഹുസൈന്‍ സാഹിത്യ രത്‌ന (മാല്‍ഡ) അബ്ദുള്‍ ഹന്നാന്‍ (ദിനാജ്പൂര്‍) എന്നിവരാണ് വൈസ് പ്രസിഡണ്ടുമാരായും അബ്ദുള്ള മാസും, എസ് കെ മുര്‍സലില്‍ എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.
മുര്‍ഷിദാബാദ്, മാല്‍ഡ, 24 പര്‍ഗന, മിഡ്‌നാപൂര്‍ (വെസ്റ്റ് ) മിഡ്‌നാപൂര്‍ (സൗത്ത് ) ബീര്‍ ഭൂം, നാദിയ, മേദിനിപൂര്‍ തുടങ്ങിയ ബംഗാളിലെ ഒട്ടുമിക്ക ജില്ലകളിലെയും പ്രതിനിധികള്‍ കൗണ്‍സില്‍ മീറ്റില്‍ പങ്കെടുത്തു. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ ബംഗാളില്‍ തുടക്കമാവും. ഡിസംബര്‍ 31 നുളളില്‍ മുഴുവന്‍ ജില്ലകളിലും മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ പുതിയ കമ്മിറ്റികള്‍ നിലവില്‍ വരും. പുതിയ നേതൃത്വത്തിന് കീഴില്‍ വംഗനാട്ടില്‍ രാഷ്ട്രീയ മുന്നേറ്റത്തിനൊരുങ്ങുകയാണ് മുസ്‌ലിം ലീഗ്. എന്‍.ആര്‍.സി പശ്ചിമ ബംഗാളിലും നടപ്പാക്കാനുള്ള ബി.ജെ. പി തീരുമാനം ദുഷ്ടലാക്കോടെയാണെന്ന് കൊല്‍ക്കത്തയില്‍ നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്ത് ദേശീയ പ്രസിഡണ്ട് പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന്‍ പറഞ്ഞു. അസമിലെയും ബംഗാളിലെയും ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നിക്ഷേധിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതനുവദിച്ച് കൊടുത്താ ല്‍ രാജ്യമാകെ വ്യാപിപ്പിക്കും. ബംഗാളില്‍ തിരഞെടുപ്പ് വിജയമുണ്ടാക്കാന്‍ വര്‍ഗീയ ധ്രുവീകരണത്തിന് ബി.ജെ.പി ശ്രമിക്കുകയാണ്. മതേതര ശക്തികളോട് ചേര്‍ന്നു നിന്ന് ബംഗാളിന്റെ മതേതര സംരക്ഷണത്തിനായി മുസ്്‌ലിം ലീഗ് പോരാട്ടം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുസ്്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഖുര്‍റം അനീസ് ഉമര്‍, കേരള സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ.സി.പി ബാവഹാജി, മുസ്്‌ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സാബിര്‍ എസ് ഗഫാര്‍, ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, എം.എസ്.എഫ് ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് അര്‍ഷദ്, ഖമറുസ്സമാന്‍ എന്നിവര്‍ സംസാരിച്ചു.