ന്യൂഡല്‍ഹി: വിദ്വേഷവും പ്രകോപനപരവുമായ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട് ലോ കമ്മീഷന്റെ തയ്യാറാക്കിയ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ അടിയന്തര നിര്‍ദ്ദേശം ഇറക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായ സുപ്രീം കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി ഫയല്‍ ചെയ്തു.
2017 ല്‍ ലോ കമ്മീഷന് വിദ്വേഷവും പ്രകോപനപരവുമായ പ്രസംഗം നിര്‍വചിക്കുകയും ഇന്ത്യന്‍ പീനല്‍ കോഡ് (ഐ.പ.ിസി), ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ് (സി.ആര്.പി.സി) എന്നിവയിലെ 153 സി, 505 എ സെക്ഷനുകളും സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം അശ്വിനി ഉപാധ്യായയുടെ ഹരജിയില്‍ ചേര്‍ക്കാനും നിര്‍ദ്ദേശിച്ചു.
വ്യക്തിയുടെ അന്തസ്സ്, സാഹോദര്യം, ഐക്യം, ദേശീയ സംയോജനം എന്നിവയില്‍ വിദ്വേഷ ഭാഷണത്തിന്റെ ഭയാനകമായ ഫലങ്ങള്‍ കണക്കിലെടുത്ത്, ലോ കമ്മീഷന് റിപ്പോര്‍ട്ടിന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കണമെന്നും സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
പ്രാതിനിധ്യ നിയമം സെക്ഷന്‍ 123 പ്രകാരം മതം, വംശം, ജാതി, സമൂഹം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ശത്രുത പ്രോത്സാഹിപ്പിക്കുക എന്നത് കുറ്റകരമാണെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രാബല്യത്തിലായിരിക്കുമ്പോള്‍ പോലും തെരഞ്ഞെടുപ്പ് കമ്മീഷന് അന്വേഷണത്തിന് ഉത്തരവിടാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മാത്രമല്ല, നിയമസഭാ തെരഞ്ഞെടുപ്പിലും വിദ്വേഷ പ്രസംഗം നടത്തുന്നത് ജനാധിപത്യ റിപ്പബ്ലിക്കിന്റെ അടിസ്ഥാന തത്വത്തിന് വിരുദ്ധമാണ്. വിദ്വേഷ പ്രസംഗം, പണമടച്ചുള്ള വാര്‍ത്തകള്‍, വ്യാജവാര്‍ത്തകള്‍ എന്നിവ രാജ്യത്തിന് ഭീഷണിയാണ്. ഈ ഭീഷണികള്‍ ഇല്ലാതാക്കാന്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളേണ്ട സമയമാണിതെന്നും ഉപാധ്യായ ട്വിറ്ററില്‍ വ്യക്തമാക്കി.
പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി നേതാക്കള്‍ നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന് പിന്നാലെ, ഡല്‍ഹിയില്‍ വംശഹത്യ നടന്ന സാഹചര്യത്തില്‍ എത്തിയ ഹര്‍ജിയെ ഗൗരവമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ നോക്കിക്കാണുന്നത്.
ബിജെപി നേകാള്ക്കെതിരെ ഉടന്‍ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിക്കണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരസിച്ചിരുന്നു. ഇപ്പോള്‍ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ പറ്റിയ സമയമല്ലെന്ന സോളിസിറ്റര്‍ ജനറലിന്റെ (എസ്ജി) നിലപാട് ചീഫ് ജസ്റ്റിസ് ഡി.എന്‍. പട്ടേല്‍, ജസ്റ്റിസ് സി.ഹരിശങ്കര്‍ എന്നിവരുടെ ബെഞ്ച് അംഗീകരിക്കുകയാണുണ്ടായത്.
ഡല്‍ഹി സംഘര്‍ഷത്തെക്കുറിച്ച് അന്വേഷണവും ബിജെപി നേതാക്കള്‍ക്കെതിരെ നടപടിയുമാവശ്യപ്പെട്ട് ഹര്‍ഷ് മന്ദര്‍ നല്കിയ ഹര്‍ജി ഏപ്രില്‍ 13ന് പരിഗണിക്കാന്‍ മാറ്റി. കേസില്‍ കക്ഷിചേരാന്‍ കേന്ദ്ര സര്‍ക്കാരിന് അനുമതി നല്കിയ കോടതി, 4 ആഴ്ചയ്ക്കകം എതിര്‍സത്യവാങ്മൂലം നല്കാന് നിര്‍ദേശിച്ചു.
കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, ബിജെപി നേതാക്കളായ കപില്‍ മിശ്ര, പര്‍വേഷ് വര്‍മ എംപി, അഭയ് വര്‍മ എംഎല്‍എ എന്നിവര്‍ക്കെതിരെയാണ് വിദ്വേഷ പ്രസംഗ പരാതിയുള്ളത്. ഠാക്കൂറും പര്‍വേഷ് വര്‍മയും വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയത് ഡല്‍ഹി ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണ ഘട്ടത്തിലാണ്. ഏതാണ്ട് ഒരു മാസം മുന്‍പ്. കപില്‍ മിശ്രയുടേത് കഴിഞ്ഞ ഞായറാഴ്ചയും അഭയ് വര്‍മയുടേത് ചൊവ്വാഴ്ചയും.
വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്കെതിരെ കേസെടുക്കുന്നതിനെക്കുറിച്ച് തീരുമാനമറിയിക്കാന്‍ ജസ്റ്റിസ് എസ്. മുരളീധര്‍ അധ്യക്ഷനായ ബെഞ്ച് ഡല്‍ഹി പൊലീസിനോടു കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. അതിനു പിന്നാലെ കേസ് ജസ്റ്റിസ് മുരളീധറിന്റെ ബെഞ്ചില്‍നിന്നു മാറ്റാന്‍ തീരുമാനമുണ്ടായി. ജസ്റ്റിസ് മുരളീധറിനെ പഞ്ചാബ് -ഹരിയാന ഹൈക്കോടതിയിലേക്കു സ്ഥലം മാറ്റി രാഷ്ട്രപതിയുടെ ഉത്തരവും അര്‍ധരാത്രിയോടെയാണ് പുറത്തുവന്നത്.