അഴിമതിക്കെതിരെ അന്വേഷണം വേണം

 

ബ്രൂവറികളും ഡിസ്റ്റലറികളും അനുവദിച്ചതില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണം അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. സംസ്ഥാനത്ത് ബിയര്‍ നിര്‍മാണത്തിന് മൂന്ന് ബ്രൂവറികളും ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം ഉത്പാദിപ്പിക്കാന്‍ ഡിസ്റ്റലറിയും തുടങ്ങുന്നതിന് സര്‍ക്കാര്‍ തിരക്കിട്ട് അനുമതി നല്‍കിയതിന്റെ താത്പര്യം പൊതുജനങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലോ സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റുകളിലോ ഇടതു മുന്നണിയുടെ മദ്യനയത്തിലോ പ്രഖ്യാപിക്കാത്ത ബ്രൂവറികളും ഡിസ്റ്റലറികളും ഈ സമയം പൊട്ടിമുളച്ചതിന്റെ സാംഗത്യമാണ് മനസിലാകാത്തത്. ഇതിനു അവസരമൊരുക്കിയവരുടെ സ്വാര്‍ത്ഥ താത്പര്യങ്ങളെ വെളിച്ചത്തു കൊണ്ടുവന്നാല്‍ ചീഞ്ഞുനാറുന്ന നെറികേടിന്റെ കഥകള്‍ പുറത്തുവരുമെന്ന കാര്യം തീര്‍ച്ചയാണ്. രണ്ടു പതിറ്റാണ്ടോളമായി കേരളം കാത്തുസൂക്ഷിക്കുന്ന പൊതുനയത്തില്‍ ‘മദ്യം’ ചേര്‍ത്തവരുടെ വികൃതമുഖം നിയമ നടപടികളിലൂടെ വെളിപ്പെടേണ്ടത് അനിവാര്യമാണ്. ഇത് സംബന്ധമായി പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ പൊതുസമൂഹം ഒറ്റക്കെട്ടായി ഏറ്റെടുത്താല്‍ മുഖ്യമന്ത്രി മുതല്‍ എക്‌സൈസ് മന്ത്രി ഉള്‍പ്പെടെ ഈ കാട്ടുകൊള്ളക്ക് കൂട്ടുനിന്നവരെല്ലാം കയ്യാമം വെച്ച് കീഴടങ്ങേണ്ടി വരും.
സംസ്ഥാനത്ത് ബ്രൂവറികളും ഡിസ്റ്റലറികളും അനുവദിക്കരുത് എന്ന ഉത്തരവിന് പത്തൊമ്പത് വര്‍ഷത്തെ പഴക്കമുണ്ട്. 1999ല്‍ ഇടത് സര്‍ക്കാരാണ് ഡിസ്റ്റലറിയുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്. അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിനോദ് റായിയാണ് ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയത്. ഇതിന് ശേഷം ലഭിക്കുന്ന സ്വകാര്യ മേഖലയില്‍ നിന്നുള്ള അപേക്ഷകളെല്ലാം വിനേദ് റായിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടി തള്ളിക്കളയുകയായിരുന്നു മാറിമാറി വരുന്ന സര്‍ക്കാറുകളുടെ രീതി. എന്നാല്‍ ഇത്തവണ നടന്നത് വിചിത്രമായ നടപടികളാണ്. ഉത്തരവ് സ്വകാര്യ മേഖലക്ക് മാത്രമേ ബാധകമാവുകയുള്ളൂവെന്നും പൊതുമേഖലയില്‍ ബ്രൂവറിയും ഡിസ്റ്റലറിയും തുടങ്ങാന്‍ സംസ്ഥാനത്ത് വിലക്കില്ലെന്നും സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ വീണിടത്തു കിടന്ന് ഉരുളുന്നത്. 1999ലെ ഉത്തരവ് മറികടക്കാന്‍ വേണ്ടി അതീവ രഹസ്യമായി ഇറക്കിയ ഉത്തരവ് പക്ഷേ, മന്ത്രിസഭയോ മുന്നണിയോ അറിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഒന്നും വേണ്ടെന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി പുതിയവ അനുവദിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇടത് മുന്നണിയിലെ രണ്ടാമത്തെ ഘടകക്ഷിയായ സി.പി.ഐയും ഇത് അറിഞ്ഞില്ല. സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ് ഇക്കാര്യത്തില്‍ വേണ്ടതെങ്കിലും ബജറ്റിലോ നയപ്രഖ്യാപനത്തിലോ പുതിയ ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കുമെന്ന് സൂചനപോലും നല്‍കിയിരുന്നില്ല. ഇത് ദുരൂഹത ഉയര്‍ത്തുന്നതാണ്. സംസ്ഥാനം പ്രളയത്തിലും രക്ഷാപ്രവര്‍ത്തനത്തിലും മുഴുകിയപ്പോഴാണ് ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവുകളിറക്കിയത്. ഇതില്‍ ഒരെണ്ണത്തിന് വ്യവസായ വകുപ്പ് സമ്മാനമായി പത്തേക്കര്‍ വസ്തു കിന്‍ഫ്രയിലും നല്‍കി. ഇതോടെ വന്‍ ഗൂഢാലോചനയാണ് ഇതിന് പിന്നില്‍ നടന്നതെന്ന് വ്യക്തമാണ്.
പിന്‍വാതിലിലൂടെ നടത്തിയ ഈ വന്‍ അഴിമതിയില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയും രണ്ടാം പ്രതി എക്‌സൈസ് മന്ത്രിയുമാണ്. താത്പര്യ പത്രം ക്ഷണിക്കാതെയാണ് സ്വന്തക്കാര്‍ക്ക് ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചത്. സര്‍ക്കാരിനു ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് പുതിയ ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചതെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇതുവഴി തീരുവ ഇനത്തിലും മറ്റും സര്‍ക്കാരിന് അധിക വരുമാനം ലഭിക്കുമെന്നും ഒട്ടേറെ പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ കിട്ടുമെന്നും എക്‌സൈസ് കമ്മീഷണറുടെ ശിപാര്‍ശയില്‍ പറയുന്നു. സംസ്ഥാനത്തെ ഉപഭോഗത്തിന്റെ 40 ശതമാനം ബിയറും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുകയാണെന്നും കമ്മീഷണര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരിലാണ് ആദ്യ ബ്രൂവറിയെന്നത് ശ്രദ്ധേയമാണ്. മുമ്പ് ലഭിച്ച അപേക്ഷകള്‍ പിന്തള്ളിയാണ് ഇതിന് അനുമതി നല്‍കിയിട്ടുള്ളത്. ഇനി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ധാരണയിലെത്തിയിട്ടുണ്ടെങ്കില്‍ അപേക്ഷ ക്ഷണിക്കുകയോ പത്രപ്പരസ്യം നല്‍കി നടപടി സുതാര്യമാക്കുകയോ ചെയ്യേണ്ടതായിരുന്നു. ഇത്തരത്തില്‍ യാതൊരു നടപടിക്രമവും പാലിക്കാതെയാണ് ഈ തീവെട്ടിക്കൊള്ളക്ക് സര്‍ക്കാര്‍ കളമൊരുക്കിയിരിക്കുന്നത്. അപേക്ഷകരെ ഏതു മാനദണ്ഡ പ്രകാരം തെരഞ്ഞെടുത്തുവെന്ന ചോദ്യത്തിനു മുമ്പില്‍ എക്‌സൈസ് മന്ത്രിയും സര്‍ക്കാറും ഉത്തരംമുട്ടി പകച്ചുനില്‍ക്കുന്നത് വല്ലാത്ത ദയനീയതയും ബലഹീനതയുമാണ്. പത്രത്തില്‍ പരസ്യപ്പെടുത്തിയാണോ ഇതൊക്കെ ചെയ്യേണ്ടതെന്നാണ് മന്ത്രിയുടെ വാദം. ഇഷ്ടക്കാര്‍ക്കു തന്നെയാണ് ഇവ അനുവദിച്ചിട്ടുള്ളതെന്നു പറയാതെ പറയുകയാണ് മന്ത്രി. എന്നാല്‍ പ്രതിപക്ഷത്തോട് ഈ വക ചോദ്യങ്ങള്‍ നിരത്തുന്നതിന് മുമ്പ് മന്ത്രി ഒന്നു ഗൃഹപാഠം നടത്തേണ്ടതായിരുന്നു. 1996ലെ ഇടതു സര്‍ക്കാര്‍ ഇക്കാര്യം തീരുമാനിച്ചപ്പോള്‍ ആദ്യം അപേക്ഷ ക്ഷണിച്ചായിരുന്നു നടപടികള്‍ ആരംഭിച്ചിരുന്നത്. അന്ന് ഇ.കെ നായനാരായിരുന്നു മുഖ്യമന്ത്രി. ഇക്കാര്യം മന്ത്രിക്ക് അറിയാത്തതോ അതോ മന്ത്രി സൗകര്യപൂര്‍വം മറന്നതോ എന്നു വ്യക്തമാക്കേണ്ടതുണ്ട്. അന്ന് അപേക്ഷകളുടെ എണ്ണം കൂടിയത് മൂലം ഷോര്‍ട്ട് ലിസ്റ്റ് ചെയ്യാനായി സെക്രട്ടറിതല കമ്മിറ്റിയെ രൂപീകരിച്ച കാര്യം ഒരുപക്ഷേ മന്ത്രിക്ക് അറിയില്ലായിരിക്കാം. അങ്ങനെയെങ്കില്‍ ഇവ്വിഷയത്തില്‍ അറിവുള്ള വല്ലവരും പാര്‍ട്ടിയിലോ മുന്നണിയിലോ ഉണ്ടെങ്കില്‍ മന്ത്രിയെ തിരുത്താന്‍ ആര്‍ജവം കാണിക്കണം. അന്ന് ഈ സെക്രട്ടറിതല കമ്മിറ്റി തന്നെയാണ് ഇനി പുതിയ ഡിസ്റ്റിലറികള്‍ വേണ്ടെന്ന ഉത്തരവിറക്കിയതും. 1999 ലെ ഉത്തരവ് എക്‌സിക്യൂട്ടീവ് ഉത്തരവ് മാത്രമാണെന്നും അതിനാല്‍ വ്യത്യസ്തമായ തീരുമാനമെടുക്കാന്‍ ചട്ടഭേദഗതിയോ നിയമ ഭേദഗതിയോ വേണ്ടെന്നുമുള്ള മന്ത്രിയുടെ വാദം നിരര്‍ത്ഥകമാണ്. ഇത് ഉത്തരവിലെ മര്‍മസ്ഥാനീയമായ കാര്യങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയാണ്. മന്ത്രിയുടെ ന്യായീകരണം പോലെയാണെങ്കില്‍ എന്തുകൊണ്ട് 99ന് ശേഷം വന്ന ഇടതു മുന്നണിയുടെ ഉള്‍പെടെയുള്ള സര്‍ക്കാരുകള്‍ ഈ ഉത്തരവ് മറികടന്നില്ല? മാത്രമല്ല ഇതേ മന്ത്രി പുറപ്പെടുവിച്ച ഉത്തരവുകളിലെല്ലാം 99ലെ ഉത്തരവിലെ വാചകങ്ങള്‍ തന്നെയാണല്ലൊ ഏറിയ പങ്കും ഉദ്ധരിച്ചിട്ടുള്ളത്. പഴയ ഉത്തരവ് ബ്രൂവറിക്ക് ബാധകമല്ലെന്ന് പറയുന്ന മന്ത്രി എന്തിനാണ് ബ്രൂവറി അനുവദിച്ച ഉത്തരവുകളില്‍ 99ലെ ഉത്തരവ് പരാമര്‍ശിക്കുന്നത്? മന്ത്രിയുടെയും സര്‍ക്കാറിന്റെയും വാദങ്ങളുടെ അടിവേരിളക്കുന്ന മറുചോദ്യങ്ങള്‍ സമൂഹത്തില്‍ നിന്നു ഉയര്‍ന്നുവരുന്നുണ്ട്. ഇതൊന്നും പരസ്യമായി ചെയ്യാനാവില്ലെന്ന വരട്ടുതത്വവാദവുമായല്ല ഈ ചോദ്യങ്ങളെ നേരിടേണ്ടത്. രണ്ടു പതിറ്റാണ്ടു കാലത്തോളം നിലനില്‍ക്കുന്ന ഒരു നയത്തില്‍ കാതലായ മാറ്റം വരുമ്പോള്‍ പൊതുജനങ്ങളെ അറിയിക്കേണ്ടത് ധാര്‍മികതയുള്ള ഒരു സര്‍ക്കാറിന്റെ കടമയാണ്. അതുമല്ലെങ്കില്‍ ചുരുങ്ങിയത് സര്‍ക്കാറിന്റെ ഭാഗമായ മുന്നണി പാര്‍ട്ടികളും സര്‍ക്കാറിനെ നയിക്കുന്ന മന്ത്രിസഭയുമെങ്കിലും അറിഞ്ഞിരിക്കണം. അതില്ലാത്തതാണ് അഴിമതി വിരുദ്ധത വാക്കുകളില്‍ മാത്രം അലങ്കാരം ചാര്‍ത്തുന്നവരുടെ പൊയ്മുഖം ഇപ്പോള്‍ പൊതുജനം പിച്ചിച്ചീന്തിക്കൊണ്ടിരിക്കുന്നത്.

SHARE