സിഎഎ പ്രതിഷേധത്തിനിടെ അറസ്റ്റ്; പ്രിയങ്കാ ഗാന്ധി വാരണാസിയില്‍

ലക്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അറസ്റ്റു ചെയ്ത പൗരാവകാശ പ്രവര്‍ത്തകരെ കാണാന്‍ ഐഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാരണാസിയില്‍ എത്തി. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെയും പൗരാവകാശ പ്രവര്‍ത്തകരെയും കാണാനായാണ് പ്രിയങ്ക വാരണാസിയിലെത്തിയത്.

സന്ദര്‍ശന വേളയില്‍ പ്രിയങ്ക രാം ഘട്ടിലെ ഗുലേറിയ കോത്തിയിലും എത്തും. ഇത് ഒരു ഹ്രസ്വ സന്ദര്‍ശനമാണെന്നും പ്രതിഷേധത്തിനിടെ അറസ്റ്റിലായവരുടെ ശബ്ദം കേള്‍ക്കുകയെന്നതാണ് പ്രധാന ലക്ഷ്യമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾ, പൗരാവകാശ പ്രവർത്തകർ, പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പ്രതിഷേധിച്ച മറ്റുള്ളവർ തുടങ്ങിയവരുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്തി.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ എല്ലാ പ്രതിഷേധങ്ങളുടെയും മുന്നിൽ നിന്ന വ്യക്തിയാണ് പ്രിയങ്ക ഗാന്ധി. കേന്ദ്ര സർക്കാരിനെതിരെയും പൊലീസിനെതിരെയും പ്രിയങ്ക രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതുമുതൽ, അക്രമത്തിൽ കൊല്ലപ്പെട്ടവരോ പരുക്കേറ്റവരോ ആയവരുടെ ബന്ധുക്കളെ പ്രിയങ്ക ഗാന്ധി സന്ദർശിച്ചിരുന്നു. അവർ അടുത്തിടെ മീററ്റ്, മുസാഫർനഗർ എന്നിവിടങ്ങളിലും സന്ദർശനം നടത്തിയിരുന്നു.
കോൺഗ്രസ് നേതാവും സാമൂഹിക പ്രവർത്തകനുമായ സദാഫ് ജാഫറിന്റെയും മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ എസ് ആർ ദാരാപുരിയുടെയും കുടുംബാംഗങ്ങളെ അവർ സന്ദർശിച്ചിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരോട് പാക്കിസ്ഥാനിലേക്ക് പോകാൻ മീററ്റ് എസ്‌പി അഖിലേഷ് എൻ.സിങ് പറയുന്നതിന്റെ വീഡിയോ പങ്കുവച്ച പ്രിയങ്ക ഗാന്ധി, പൊലീസ് സേനയെ വർഗീയവൽക്കരിക്കാനാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാർ ശ്രമിക്കുന്നതെന്ന് വിമർശിച്ചിരുന്നു.