പ്രിയങ്കയുടെ അപ്രതീക്ഷിത യാത്ര; ആവേശമാക്കി ഓമശ്ശേരി

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചരണ യാത്രയില്‍ തിളങ്ങി പ്രിയങ്കയുടെ റോഡ് ഷോ. വയനാട് മണ്ഡലത്തില്‍ പ്രചരണത്തിനെത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറികൂടിയായ പ്രിയങ്കാ ഗാന്ധിയെ വരവേല്‍ക്കാന്‍ അവസരം ലഭിച്ച സന്തോഷത്തിലായിരുന്നു ഓമശ്ശേരിക്കാര്‍. വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്ന തന്റെ സഹോദരന്‍ കൂടിയായ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് കോഴിക്കോട് മണ്ഡലത്തിലെ ഓമശ്ശേരിയിലൂടെ പ്രിയങ്കയുടെ യാത്ര. ഇന്നലെ വൈകുന്നേരം 6.45 ഓടെയാണ് ഓമശ്ശേരിയെ ഇളക്കി മറിച്ച് പ്രിയങ്കയെത്തിയത്. വാഹനത്തില്‍ ഇരുന്ന പ്രവര്‍ത്തകര്‍ക്ക് നേരെ കൈവീശിയ പ്രിയങ്ക പ്രവര്‍ത്തകരുടെ ആവേശം കണ്ടതോടെ വാഹനത്തിന്റെ ഡോറിലേക്ക് കയറി നില്‍ക്കുകയും ചെയ്തു. ഇരുവശത്തേക്കും കൈവീശിയാണ് പ്രിയങ്ക ടൗണിലൂടെ തുടര്‍ന്ന് യാത്ര ചെയ്തത്.
ഇന്നലെ ഉച്ചയോടെയാണ് പ്രിയങ്കയുടെ യാത്ര ഓമശ്ശേരി വഴിയുണ്ടാകുമെന്ന വിവരം ലഭിക്കുന്നത്. മലപ്പുറം ജില്ലയിലെ അരീക്കോട് നിന്നും ഓമശ്ശേരി വഴി വയനാട് ജില്ലയിലെ വൈത്തിരിയിലേക്കായിരുന്നു യാത്ര. റോഡ് മാര്‍ഗം യാത്ര ചെയ്യുമെന്നറിഞ്ഞതോടെ ഓമശ്ശേരിയിലേക്ക് ജനം ഒഴുകിയെത്തി. കനത്ത സുരക്ഷാ വലയത്തിലായിരുന്നു പ്രിയങ്കയുടെ യാത്ര. ഓമശ്ശേരി ബസ്റ്റാന്റ് പരിസരത്തായിരുന്നു ജനങ്ങള്‍ തിങ്ങിക്കൂടിയത്. കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ കിഴക്കന്‍ അതിര്‍ത്തിയായ ഓമശ്ശേരിക്ക് അപ്രതീക്ഷിതമായി വീണു കിട്ടിയ മുഹൂര്‍ത്തമായിരുന്നു ഇന്നലെ പ്രിയങ്കയുടെ വരവ്. നൂറുക്കണക്കിന് യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും അഭിവാദ്യമര്‍പ്പിച്ചു. ഹെലികോപ്റ്റര്‍ വഴിയുള്ള യാത്ര ഉപേക്ഷിച്ച് വയനാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചതോടെയാണ് ഓമശ്ശേരി വഴിയുള്ള യാത്രക്ക് കാരണമായത്. പ്രിയങ്കക്കൊപ്പം രണ്ട് മക്കളും ഉണ്ടായിരുന്നു.