പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കൊപ്പം എന്നും കോണ്‍ഗ്രസ് ഉണ്ടാകുമെന്ന് പ്രിയങ്കാ ഗാന്ധി. പൗരത്വനിയമത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ പോലീസ് അറസ്റ്റുചെയത് ജയിലിലടച്ചവരുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ മണ്ഡലമായ ഉത്തര്‍പ്രദേശിലെ അസംഗഡിലാണ് പ്രിയങ്ക ഗാന്ധി ഇന്ന് സന്ദര്‍ശനം നടത്തിയത്.
കേന്ദ്രസര്‍ക്കാരും സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരുകളും ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് സന്ദര്‍ശനത്തിന് ശേഷം പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. ജനാധിപത്യത്തില്‍ തെറ്റുകള്‍ക്ക് നേരം ശബ്ദമുയര്‍ത്തുന്നത് കുറ്റമല്ലെന്നും പ്രിയങ്ക ഗാന്ധി ആവര്‍ത്തിച്ചു.
നിങ്ങളെല്ലാവരും ജാഗരൂഗരാവണം. കാരണം രാജ്യത്ത് നടപ്പിലാക്കുന്ന നിയമം ഒരു വിഭാഗത്തിനെ മാത്രം ലക്ഷ്യം വെച്ചുള്ളതല്ല. അത് ഭരണഘടനയെത്തന്നെ തകര്‍ക്കുന്നതാണ്. പൊലീസും ഭരണകൂടവും പ്രതിഷേധക്കാര്‍ക്ക് നേരെ അതിക്രമം അഴിച്ചുവിട്ട ബിജ്‌നോറിലും മീററ്റിലം മുസാഫര്‍നഗറിലും ലഖ്‌നൗവിലും വാരാണസിയിലും താന്‍ സന്ദര്‍ശനം നടത്തിയിരുന്നു.