പ്രിയങ്ക തരംഗം; യു.പിയില്‍ മുന്‍ എം.പി ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍, ചേര്‍ത്തു നിര്‍ത്തി പ്രിയങ്ക

രാജ്യം തെരഞ്ഞെടുപ്പിലേക്ക് പോകാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ഉത്തര്‍പ്രദേശില്‍ നിന്ന് കോണ്‍ഗ്രസിന് വീണ്ടുമൊരു മേല്‍ക്കൈ. യു.പിയിലെ ബി.ജെ.പിയുടെ പ്രമുഖ നേതാവും മുന്‍ എം.പിയുമായ സാവിത്രി ഭായ് ഫൂലെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതിനു ശേഷമുള്ള ഈ ബി.ജെ.പി നേതാവിന്റെ കോണ്‍ഗ്രസിലേക്കുള്ള രാഷ്ട്രീയ പ്രവേശം വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ സാന്നിധ്യത്തിലാണ് സാവിത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ബി.ജെ.പി രാജ്യത്ത് ഛിദ്രതയുണ്ടാക്കുന്നുവെന്ന് സാവിത്രി തുറന്നടിച്ചിരുന്നു. പിന്നാക്കക്കാരോട് ബി.ജെ.പി ചെയ്യുന്ന അക്രമങ്ങള്‍ക്കെതിരെ സാവിത്രി തുറന്നടിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ ഇവര്‍ ബി.ജെ.പി വിട്ടിരുന്നു. യു.പിയിലെ ബഹ്‌റൈചില്‍ നിന്നുള്ള എം.പിയായിരുന്നു സാവിത്രി ഭായ് ഫൂലെ.