ഡല്‍ഹി വിട്ട് യോഗിയുടെ തട്ടകത്തിലേക്ക്, മുന്നില്‍ നിയമസഭാ തെരഞ്ഞെടുപ്പ്- പ്രിയങ്ക രണ്ടും കല്‍പ്പിച്ചു തന്നെ

ലഖ്‌നൗ: ഡല്‍ഹിയിലെ ബംഗ്ലാവ് ഒഴിയാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതോടെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ലഖ്‌നൗവിലേക്ക് താമസം മാറുകയാണ്. പഴയകാല കോണ്‍ഗ്രസ് നേതാവ് ഷീലാ കൗളിന്റെ വീടാണ് ഗാന്ധി തലമുറയിലെ ഇളമുറക്കാരി അടുത്ത ഇടമായി തെരഞ്ഞെടുത്തിട്ടുള്ളത്. സര്‍ക്കാര്‍ വീടൊഴിയാന്‍ ആവശ്യപ്പെടുന്നതിനു മുമ്പു തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രിയങ്ക ലഖ്‌നൗവില്‍ താമസ സ്ഥലം അന്വേഷിച്ചിരുന്നു. സര്‍ക്കാര്‍ നോട്ടീസ് കൂടി വന്നോടെ ഇക്കാര്യങ്ങള്‍ വേഗത്തിലായി. നടക്കുന്നത് വീടുമാറ്റം മാത്രമല്ല, വന്‍ രാഷ്ട്രീയ മാറ്റം കൂടിയാണ് എന്ന് വിലയിരുത്തുകയാണ് ഇപ്പോള്‍ രാഷ്ട്രീയ നിരീക്ഷകര്‍.

നെഹറുവിന്റെയും ഇന്ദിരയുടെ ഓര്‍മകളുള്ള വീട്

ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സഹോദരഭാര്യയാണ് 2015ല്‍ അന്തരിച്ച ഷീല കൗള്‍. ഇന്ദിരാഗാന്ധിയുടെ അമ്മായി. ലഖ്‌നൗവിലെ ഗോഖലെ മാര്‍ഗിലാണ് ഇവരുടെ വീട്. തലസ്ഥാനത്തെ പാര്‍ട്ടി ആസ്ഥാനത്തു നിന്ന് മൂന്നു കിലോമീറ്റര്‍ മാത്രം അകലെയാണ് വീടു സ്ഥിതി ചെയ്യുന്നത്. അതു കൊണ്ടു തന്നെ പാര്‍ട്ടിയെ സംസ്ഥാനത്ത് പുനരുജ്ജീവിപ്പിക്കാന്‍ ഇതിലും നല്ലൊരു ഇടം പ്രിയങ്കയ്ക്ക് കിട്ടാനില്ല.

പ്രിയങ്ക ഗാന്ധി

വീട്ടിലെ നവീകരണ ജോലികള്‍ നടന്നു കൊണ്ടിരിക്കുകയാണ് എന്ന് കോണ്‍ഗ്രസ് വക്താവ് ലാലന്‍ കുമാര്‍ പറഞ്ഞു. ആറു മാസം മുമ്പേ ഇവിടേക്ക് മാറാന്‍ പ്രിയങ്ക തീരുമാനമെടുത്തിരുന്നതായും അവര്‍ വെളിപ്പെടുത്തി.

പ്രിയങ്ക വി.എസ് യോഗി

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിലാണ് കിഴക്കന്‍ യു.പിയുടെ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക സംസ്ഥാനത്തെത്തിയത്. ബി.ജെ.പിയിലേക്ക് ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യയ്ക്കായിരുന്നു പടിഞ്ഞാറന്‍ യു.പിയുടെ ചുമതല.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത തോല്‍വി ഏല്‍ക്കേണ്ടി വന്നെങ്കിലും പ്രിയങ്ക യു.പിയെ കൈയൊഴിഞ്ഞില്ല. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചായിരുന്നു അവരുടെ പ്രവര്‍ത്തനം.

യോഗി ആദിത്യനാഥ്

ഇതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രിയങ്ക സജീവ ശ്രദ്ധ ചെലുത്തി. ദേശീയ രാഷ്ട്രീയ വിഷയങ്ങളില്‍ നിന്നു മാറി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നയങ്ങളെ അവര്‍ തെരഞ്ഞു പിടിച്ചു ആക്രമിച്ചു. ദിനം പ്രതിയെന്നോണം ട്വിറ്ററില്‍ യോഗിയെ പ്രിയങ്ക വിമര്‍ശിച്ചു.

പൗരത്വ ബില്ലിനെതിരായ സമരത്തില്‍ പ്രിയങ്ക തെരുവിലിറങ്ങി. പൊലീസ് കോണ്‍ഗ്രസ് നേതാവിനെ തടഞ്ഞെങ്കിലും വാഹനത്തില്‍ നിന്ന് ഇറങ്ങി നടന്ന് അവര്‍ വാര്‍ത്തകളില്‍ ഇടം നേടി. കോവിഡ്, കുടിയേറ്റ തൊഴിലാളികള്‍, തൊഴിലില്ലായ്മ തുടങ്ങി മിക്ക വിഷയങ്ങളിലും യോഗിയെ ലക്ഷ്യമിട്ട് പ്രിയങ്ക തൊടുക്കുന്ന വിമര്‍ശനങ്ങളും പ്രവര്‍ത്തനങ്ങളും ബി.ജെ.പി ക്യാമ്പില്‍ ഉണ്ടാക്കുന്ന തലവേദന ചെറുതല്ല.

ഉയിര്‍ത്തെഴുന്നേല്‍ക്കുമോ കോണ്‍ഗ്രസ്?

രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ യു.പി കോണ്‍ഗ്രസിന് കിട്ടാക്കനിയായിട്ട് ദശാബ്ദങ്ങള്‍ കഴിഞ്ഞു. 1989ല്‍ എന്‍.ഡി തിവാരി മുഖ്യമന്ത്രിയായ ശേഷം കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരത്തിലെത്തിയിട്ടില്ല. സംസ്ഥാനത്തിന്റെ കഴിഞ്ഞ 14 മുഖ്യമന്ത്രിമാരില്‍ ഒരാള്‍ പോലും കോണ്‍ഗ്രസില്‍ നിന്നില്ല.

403 അംഗ നിയമസഭയില്‍ 2017ല്‍ പാര്‍ട്ടിക്ക് ജയിക്കാനായത് ഏഴിടത്ത് മാത്രം. 1985ലെ 269 അംഗങ്ങളെ സഭയിലെത്തിച്ച പാര്‍ട്ടിയാണ് ഏഴിലേക്ക് തകര്‍ന്നടിഞ്ഞത്. 2012ല്‍ 28, 2007ല്‍ 22, 2002ല്‍ 25, 1996ല്‍ 33, 1993ല്‍ 28, 1991ല്‍ 46, 1989ല്‍ 94 എന്നിങ്ങനെയാണ് വിവിധ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് ലഭിച്ച സീറ്റുകള്‍. ഒരു തിരിച്ചുവരവ് മേമ്പടികള്‍ കൊണ്ടൊന്നും സാദ്ധ്യമാകില്ലെന്ന് ചുരുക്കം.

തന്റെ കൈയില്‍ മാന്ത്രിക വടിയൊന്നുമില്ലെന്ന് പ്രിയങ്കയ്ക്ക് നന്നായി അറിയാം. ബൂത്തു തലത്തില്‍ പുനരുജ്ജീവിപ്പിച്ചാലേ പാര്‍ട്ടി സംസ്ഥാനത്തു തിരിച്ചു വരൂ എന്നും അവര്‍ക്ക് ബോദ്ധ്യമുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് അജയ് കുമാര്‍ ലല്ലുവിനെ അദ്ധ്യക്ഷനാക്കി പ്രിയങ്ക കോണ്‍ഗ്രസിനെ പുതുക്കിപ്പണിതത്. സല്‍മാന്‍ ഖുര്‍ഷിദ്, രാജ്ബബ്ബര്‍ തുടങ്ങിയ വന്‍തോക്കുകളെ മാറ്റി നിര്‍ത്തിയായിരുന്നു പുനഃസംഘടന. പാര്‍ട്ടിയെ സമ്പൂര്‍ണ്ണമായി തന്റെ ബറ്റാലിയനാക്കി മാറ്റാന്‍ അവര്‍ക്കു സാധിച്ചിട്ടുണ്ട്. പ്രസ്താവനാ രാഷ്ട്രീയത്തിനപ്പുറത്തേക്ക് തെരുവുകളില്‍ കൂടി പ്രിയങ്ക ഇറങ്ങി നടന്നാല്‍ കോണ്‍ഗ്രസിന് വരും തെരഞ്ഞെടുപ്പില്‍ അത്ഭുതങ്ങള്‍ കാണിക്കാനാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.