പ്രിയങ്കാ ഗാന്ധിക്കെതിരെ വധഭീഷണി; പൊലീസ് കേസെടുത്തു


ന്യൂഡല്‍ഹി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ വധഭീഷണി. സംഭവത്തില്‍ ബസ്തി പൊലീസ് കേസെടുത്തു. ട്വിറ്റര്‍ വഴിയാണ് ഭീഷണി.

വധഭീഷണി മുഴക്കിയ ആരതി പാണ്ഡെ എന്ന ട്വിറ്റര്‍ അക്കൗണ്ട് ഉടമക്കെതിരെയാണ് കേസെടുത്തത്. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് നേതാവ് ലാലന്‍ കുമാറാണ് പ്രിയങ്ക ഗാന്ധിക്കെതിരെ ഉണ്ടായ വധഭീഷണി അറിയിച്ചത്.

ന്യൂസ് 18 ടി.വി ചാനലില്‍ വന്ന പ്രിയങ്ക ഗാന്ധിയുടെ പ്രതികരണത്തെ മുന്‍നിര്‍ത്തിയാണ് വധഭീഷണി. വധഭീഷണി മുഴക്കിയ ട്വിറ്റര്‍ അക്കൗണ്ട് ഇപ്പോള്‍ നിലവില്‍ ഇല്ല.

സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രകാരം ട്വിറ്റര്‍ അക്കൗണ്ട് ഉടമയായ ആര്‍തി പാണ്ഡെയുടെ പ്രൊഫൈല്‍ ചിത്രം പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതാണ്. പ്രധാനമന്ത്രിയുടെ വെബ്സൈറ്റ് വിലാസവും പ്രൊഫൈലിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്.