പശ്ചിമബംഗാളിലും പ്രിയങ്കയെ പ്രചാരണത്തിന് ഇറക്കാന്‍ കോണ്‍ഗ്രസ് നീക്കം


ന്യൂഡല്‍ഹി: കിഴക്കന്‍ യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയെ പശ്ചിമബംഗാളിലും പ്രചാരണത്തിനിറക്കാന്‍ കോണ്‍ഗ്രസ് ആലോചന. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള സഖ്യ ശ്രമങ്ങള്‍ പരാജയപ്പെടുകയും കോണ്‍ഗ്രസ് തനിച്ചു മത്സരിക്കുന്നതിനുള്ള തീരുമാനമെടുക്കുകയും ചെയ്തതോടെയാണ് പുതിയ കരുനീക്കം. കഴിഞ്ഞ ദിവസം പശ്ചിമബംഗാളിലെ മാള്‍ഡയില്‍ നടന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റാലിക്ക് വന്‍ ജനാവലിയാണ് എത്തിയിരുന്നത്. ഇത് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. മാള്‍ഡ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി മമാതാ ബാനര്‍ജിക്കുമെതിരെ ഒരുപോലെ കടന്നാക്രമിച്ചാണ് രാഹുല്‍ സംസാരിച്ചത്. ദേശീയ രാഷ്ട്രീയത്തില്‍ മോദി വിരുദ്ധ ചേരിയില്‍ നിലയുറപ്പിച്ചവരാണ് രണ്ടു കക്ഷികളുമെങ്കിലും സ്വന്തം അടിത്തറ ഭദ്രമാക്കാനുള്ള പോരാട്ടത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന് സൂചന നല്‍കുന്നതായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രസംഗം. ഇതിനു പിന്നാലെയാണ് പ്രിയങ്കാ ഗാന്ധിയെക്കൂടി പശ്ചിമനബംഗാളിലേക്ക് പ്രചാരണത്തിന് നിയോഗിക്കാന്‍ നേതൃത്വം ആലോചിക്കുന്നത്. പ്രിയങ്കയെ സംസ്ഥാനത്തേക്ക് അയക്കണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം എ.ഐ.സി.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്കു പുറമെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, മധ്യപ്രദേശ് മുഖ്യമന്ത്രി അശോക് ഗെഹ്്‌ലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍, മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് എന്നിവരെയാണ് ബംഗാളില്‍ കോണ്‍ഗ്രസിന്റെ സ്റ്റാര്‍ ക്യാമ്പയിനര്‍മാരായി നിശ്ചയിച്ചിരിക്കുന്നത്.