വീരമൃത്യുവരിച്ച ജവാന്‍ പി.വി.വസന്തകുമാറിന്റെ വീട് പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചു

കല്‍പ്പറ്റ: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചജവാന്‍ പി.വി.വസന്തകുമാറിന്റെ കുടുംബത്തെ പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചു. വസന്തകുമാറിന്റെ തൃക്കേപറ്റയിലെ തറവാട്ട് വീട്ടില്‍ എത്തിയായിരുന്നു സന്ദര്‍ശനം. വയനാട്ടില്‍ നിന്നും ഐഎഎസ് നേടിയ ശ്രീധന്യയും പ്രിയങ്ക ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു.

വയനാട്ടില്‍ നിന്നും ജനവിധി തേടുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വോട്ട് അഭ്യര്‍ത്ഥിക്കാനായി ശനിയാഴ്ചയാണ് പ്രിയങ്ക വയനാട്ടില്‍ എത്തിയത്. ശനിയാഴ്ച തന്നെ വസന്തകുമാറിന്റെ കുടുംബത്തെ സന്ദര്‍ശിക്കാനായിരുന്നു തീരുമാനമെങ്കിലും കനത്ത മഴ മൂലം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

പ്രചാരണത്തിന്റെ ആദ്യ ദിവസമായ ശനിയാഴ്ച, കടബാധ്യത മൂലം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങളെ പ്രിയങ്ക സന്ദര്‍ശിച്ചു. അധികാരത്തിലെത്തിയാല്‍ കര്‍ഷകര്‍ക്കായി ബജറ്റ് കൊണ്ടു വരുമെന്നും ബാങ്ക് ലോണ്‍ അടച്ചു തീര്‍ക്കാത്തതിന്റെ പേരില്‍ കര്‍ഷകരെ ജയിലിലടക്കില്ലെന്നും പ്രിയങ്ക പറഞ്ഞു.

SHARE