‘വര്‍ഷങ്ങളായി പ്രിയങ്കയുടെ സഹായത്താലാണ് അവന്‍ ജീവിക്കുന്നത്’; ആശിഷിന്റെ പിതാവ് സുഭാഷ് യാദവ്

ന്യൂഡല്‍ഹി: വര്‍ഷങ്ങളായി പ്രിയങ്കഗാന്ധിയുടെ സഹായത്താലാണ് അവന്‍ ജീവിക്കുന്നതെന്ന് ഭിന്നശേഷിക്കാരനായ ആശിഷിന്റെ പിതാവ് സുഭാഷ് യാദവ്. ഡല്‍ഹിയിലെ ഔറംഗസേബ് റോഡിലുള്ള ഒരു ചേരിപ്രദേശത്താണ് ആശിഷ് എന്ന പ്രിയങ്കയുടെ കൂട്ടുകാരനുള്ളത്. രണ്ടുമാസത്തിലൊരിക്കല്‍ പ്രിയങ്ക അവിടെയെത്തി ആശിഷിനെ കാണാറുണ്ട്. ദേശീയതലത്തില്‍ പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉരുത്തിരിയുന്നതിനിടയിലാണ് പ്രിയങ്ക സഹായം നല്‍കുന്ന കുടുംബത്തെക്കുറിച്ച് പുറംലോകമറിയുന്നത്.

വിദേശത്തു നിന്നും തിരിച്ചെത്തിയതിനു ശേഷം പ്രിയങ്ക ഭിന്നശേഷിക്കാരനായ ആശിഷിന്റെ വീട്ടിലെത്തിയിരുന്നു. രണ്ടു മാസത്തിലൊരിക്കല്‍ പ്രിയങ്ക അവിടെയെത്തി ആശിഷിനെ കാണാറുണ്ടെന്ന് ആശിഷിന്റെ പിതാവ് സുഭാഷ് യാദവ് പറയുന്നു.

ശരിയായ രീതിയില്‍ സംസാരിക്കാന്‍ ആശിഷിന് ബുദ്ധിമുട്ടുണ്ട്. പക്ഷേ പ്രിയങ്ക എത്തിയെന്നറിഞ്ഞാല്‍ അവന്‍ സന്തോഷവാനാണ്. തന്റെ സുഹൃത്താണ് പ്രിയങ്ക എന്നാണ് ആശിഷ് പറയുന്നത്. രണ്ടുമാസത്തിലൊരിക്കലെത്തി കുടുംബവുമായി പ്രിയങ്ക ഏറെ നേരം സമയം ചെലവഴിക്കാറുണ്ട്. ആശിഷിന്റെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നോക്കാന്‍ ഒരു എന്‍.ജി.ഒയെ പ്രിയങ്ക ഏര്‍പ്പാടാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു നാല് വര്‍ഷങ്ങളായി ആശിഷിന്റെ ചികിത്സയുടെ ചെലവ് വഹിക്കുന്നതും പ്രിയങ്കയാണെന്ന് പിതാവ് പറഞ്ഞു.

SHARE