‘നിങ്ങള്‍ക്കൊപ്പം ഞാനുണ്ടാവും’; യു.പിയില്‍ പൊലീസ് അതിക്രമത്തിന് ഇരയായവര്‍ക്ക് ആശ്വാസമായി പ്രിയങ്ക

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പൊലീസ് നരനായാട്ടിന് ഇരയായവര്‍ക്ക് ആശ്വാസമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ സന്ദര്‍ശനം. പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനെന്ന പേരില്‍ യോഗിയുടെ പൊലീസ് അഴിഞ്ഞാടിയ മുസഫര്‍ നഗറിലും മീററ്റിലും ഇരകളുടെ വീടുകളില്‍ ആശ്വാസവാക്കുകളുമായി പ്രിയങ്കയെത്തി. പൊലീസ് അതിക്രമത്തിന്റെ ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്ന മൗലാന ആസാദ് റസ ഹുസൈന്റെ മദ്രസ പ്രിയങ്ക സന്ദര്‍ശിച്ചു.

ഇത് ഒരു ഞെട്ടിക്കുന്ന സംഭവമാണ്. പൊലീസ് മദ്രസയില്‍ കയറി വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മൗലവിയേയും മര്‍ദിച്ചു. പൊലീസ് വിദ്യാര്‍ത്ഥികളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. പിന്നീട് കുറച്ചുപേരെ വിട്ടയച്ചു. പ്രായപൂര്‍ത്തിയാവാത്ത നിരവധി കുട്ടികള്‍ ഇപ്പോഴും ജയിലിലാണ്-പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു.

പൊലീസ് അതിക്രമത്തിനിരയായ റുഖിയ പര്‍വീണ്‍ എന്ന യുവതിയുടെ വീട്ടിലും പ്രിയങ്കയെത്തി. അടുത്ത മാസം റുഖിയ്യയുടെ വിവാഹമാണ്. എന്നാല്‍ പൊലീസ് ഇവരുടെ വീട് കൊള്ളയടിക്കുകയും റുഖിയ്യയെ മര്‍ദിക്കുകയും ചെയ്തു. പൊലീസിന്റെയും ആര്‍.എസ്.എസ് ഗുണ്ടകളുടേയും ഭീഷണിമൂലം ചികിത്സ തേടാന്‍ പോലും ഇവര്‍ക്കായിട്ടില്ല. ‘വിഷമ ഘട്ടങ്ങളില്‍ ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ടാവും’ പ്രിയങ്ക റുഖിയ്യക്ക് ഉറപ്പ് നല്‍കി. പൊലീസ് അതിക്രമങ്ങളെ സംബന്ധിച്ച് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു.

SHARE