‘ഞാന്‍ ഇന്ദിരാഗാന്ധിയുടെ കൊച്ചുമകളാണ്’, ഭീഷണി മുഴക്കി സമയം കളയരുത്; യു.പി സര്‍ക്കാരിനെതിരെ പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: വിമര്‍ശിക്കുന്നതിന്റെ പേരില്‍ യു.പി സര്‍ക്കാര്‍ എന്തു നടപടിയെടുത്താലും സത്യം വിളിച്ചുപറയുകതന്നെ ചെയ്യുമെന്ന് പ്രിയങ്ക ഗാന്ധി. പൊതുപ്രവര്‍ത്തക എന്ന നിലയില്‍ സത്യം ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടുക എന്ന കര്‍ത്തവ്യം നിറവേറ്റുമെന്ന് പ്രിയങ്ക ട്വീറ്റില്‍ പറഞ്ഞു. യുപി സര്‍ക്കാരിനെതിരെ നടത്തിയ വിമര്‍ശനങ്ങളുടെ പേരില്‍ സര്‍ക്കാര്‍ നടപടികളിലേയ്ക്ക് നീങ്ങിയ സാഹചര്യത്തിലാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.

‘പൊതുപ്രവര്‍ത്തക എന്ന നിലയില്‍ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും സത്യം അവര്‍ക്കുമുന്നില്‍ തുറന്നുകാട്ടുകയുമാണ് എന്റെ കര്‍ത്തവ്യം. അല്ലാതെ സര്‍ക്കാരിനുവേണ്ടി പ്രചാരണം നടത്തുകയല്ല. എനിക്കുനേരെ ഭീഷണി മുഴക്കാന്‍ ശ്രമിച്ച് യുപി സര്‍ക്കാര്‍ സമയം പാഴാക്കുകയാണ്. അവര്‍ക്ക് എന്തു നടപടിവേണമെങ്കിലും എടുക്കാം. ഞാന്‍ സത്യം ഉയര്‍ത്തിക്കാട്ടുകതന്നെ ചെയ്യും. ഞാന്‍ ഇന്ദിരാഗാന്ധിയുടെ കൊച്ചുമകളാണ്, ചില നേതാക്കളേപ്പോലെ ബിജെപിയുടെ അപ്രഖ്യാപിത വക്താവല്ല’, പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

യുപിയിലെ കൊറോണ വൈറസ് വ്യാപനം അടക്കമുള്ള വിഷയങ്ങളില്‍ പ്രിയങ്ക ഗാന്ധി സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. കാണ്‍പുരില്‍ കുട്ടികള്‍ക്കുള്ള അഭയകേന്ദ്രത്തില്‍ രണ്ട് ഗര്‍ഭിണികളടക്കം 57 പെണ്‍കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സംഭവത്തില്‍ വിമര്‍ശനവുമായി പ്രിയങ്ക ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതൊക്കെ യോഗി സര്‍ക്കാരിനെ വലിയ രീതിയില്‍ പ്രതിസന്ധിയിലാക്കിയിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ സംസ്ഥാന ബാലവകാശ കമ്മീഷന്‍ നോട്ടീസയച്ചിരുന്നു.

SHARE