എസ്.പി.ജിയില്ല; പ്രിയങ്കാ ഗാന്ധിയോട് ഡല്‍ഹിയിലെ ലോധി ബംഗ്ലാവ് ഒഴിയാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയോട് ബംഗ്ലാവ് ഒഴിയാന്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. ഓഗസ്റ്റ് ഒന്നിനകം വീടൊഴിയണം എന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതു സംബന്ധിച്ച് കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം പ്രിയങ്കയ്ക്ക് നോട്ടീസ് നില്‍കി. 35 ലോധി എസ്‌റ്റേറ്റ് ബംഗ്ലാവിലാണ് പ്രിയങ്ക താമസിക്കുന്നത്.

ഗാന്ധി കുടുംബത്തിനുണ്ടായിരുന്ന സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (എസ്.പി.ജി) സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെയാണ് അനുവദിക്കപ്പെട്ട ബംഗ്ലാവും സര്‍ക്കാര്‍ റദ്ദാക്കുന്നത്. നിലവില്‍ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഇവര്‍ക്കുള്ളത്. ഇതു പ്രകാരം വീട് അനുവദിക്കാന്‍ ചട്ടമില്ല എന്നാണ് നോട്ടീസില്‍ പറയുന്നത്.

1997 മുതല്‍ പ്രിയങ്ക മൂന്നു മുറികളുള്ള ഈ വീട്ടിലാണ് താമസം. എസ്.പി.ജി സുരക്ഷയുള്ളതിനാലാണ് ഇവര്‍ക്ക് ബംഗ്ലാവ് അനുവദിച്ചിരുന്നത്. എന്നാല്‍ ലോധി എസ്‌റ്റേറ്റ് ബംഗ്ലാവിന്റെ വാടക ഇവര്‍ അടയ്ക്കുന്നുണ്ട്.

പുതിയ നിയമപ്രകാരം പ്രധാനമന്ത്രിയും കുടുംബവും, അഞ്ചു വര്‍ഷത്തേക്ക് മുന്‍ പ്രധാനമന്ത്രിയും കുടുബവും എന്നിവര്‍ക്കു മാത്രമാണ് എസ്.പി.ജി സുരക്ഷ നല്‍കുന്നത്. 2019 നവംബറിലാണ് ഗാന്ധി കുടുംബത്തിനുള്ള എസ്.പി.ജി സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തിന് ശേഷമാണ് ഇവര്‍ക്ക് അതീവ സുരക്ഷയൊരുക്കിയിരുന്നത്.

SHARE