കേന്ദ്ര നടപടി യോഗിക്ക് തിരിച്ചടി; പ്രിയങ്ക ലക്‌നൗവിലേക്ക്-ഉത്തര്‍പ്രദേശില്‍ പോരാട്ടം കനക്കും

ന്യൂഡല്‍ഹി: കൊവിഡ്-19 പ്രതിസന്ധികള്‍ക്കിടയിലും രാഷ്ട്രീയം ലക്ഷ്യംവെച്ചുള്ള നടപടി കേന്ദ്രസര്‍ക്കാര്‍ തുടരുകയാണ്. ഡല്‍ഹിയിലെ വസതി ഒഴിയാന്‍ എഐസിസി ജനറല്‍ സെകട്ടറി പ്രിയങ്ക ഗാന്ധിക്ക് കേന്ദ്ര നഗര വികസന മന്ത്രാലയത്തിന്റെ നിര്‍ദേശം നല്‍കിയതാണ് ഒടുവിലത്തേത്. ഓഗസ്റ്റ് 1ന് മുമ്പ് ലോധി എസ്റ്റേറ്റിലെ വസതി ഒഴിയാനാണ് അറിയിച്ചിരിക്കുന്നത്. പ്രിയങ്കയുടെ നേതൃത്വത്തില്‍ യുപിയില്‍ യോഗി സര്‍ക്കാറിന് കടുത്ത പ്രതിരോധം ഉയര്‍ത്തി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കെയാണ് പുതിയ നടപടി. രാഷ്ട്രീയ പ്രേരിതമായ നടപടിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ എടുത്തതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

നേരത്തെ, പ്രിയങ്ക ഗാന്ധിക്കുള്ള എസ്പിജി സുരക്ഷാ പിന്‍വലിച്ചതായി ആഭ്യന്തര മന്ത്രാലയം നഗരവികസന മന്ത്രാലയത്തെ അറിയിച്ചിരുന്നു. എസ്പിജി സുരക്ഷയില്ലാത്തതിനാല്‍ സര്‍ക്കാര്‍ ബംഗ്ലാവ് ഉപയോഗിക്കുന്നതിന് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്പിജി സുരക്ഷ കഴിഞ്ഞ നവംബറില്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത്.

അതേസമയം രാജ്യതലസ്ഥാനത്തെ ബംഗ്ലാവ് ഒഴിയാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതോടെ ഉത്തര്‍പ്രദേശ് കേന്ദ്രീകരിച്ചുള്ള പ്രിയങ്കയുടെ പ്രവര്‍ത്തനം ശക്തമാവുമെന്ന ആശങ്കയിലാണ് ഭരണപക്ഷം. കേന്ദ്ര നടപടി കോണ്‍ഗ്രസിന് ഭാഗ്യമാണെന്നും ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി തട്ടകം യുപിയിലേക്ക് മറ്റുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ആഗസ്റ്റ് ഒന്നിനകം സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയമാണ് പ്രിയങ്ക ഗാന്ധിക്ക് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക, ഡല്‍ഹിയിലെ ബംഗ്ലാവ് ഒഴിയുന്നതോടെ ലഖ്നൗവിലേക്ക് താമസം മാറുമെന്നാണ് വിവരം. ലഖ്നൗവിലെ കൗള്‍ ഹൗസിലേക്ക് പ്രിയങ്ക താമസം മാറുമെന്നുമുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ മാമി ഷീല കൗളിന്റെ വസതിയാണിത്. ഇവര്‍ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായിരുന്നു. നിലവില്‍ പ്രിയങ്ക യുപിയിലെത്തുമ്പോള്‍ തങ്ങാറുള്ളത് കൗള്‍ ഹൗസിലാണ്. ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനാണ് പ്രിയങ്കയുടെ തീരുമാനം. 2022ലാണ് യുപി നിയമസഭാ തെരഞ്ഞെടുപ്പ്.

കഴിഞ്ഞ ഒരു വര്‍ഷമായി യുപി രാഷ്ട്രീയത്തില്‍ പ്രിയങ്ക സജീവമായി ഇടപെടുന്നുണ്ട്. കുടിയേറ്റക്കാരുടെ പ്രശ്നത്തിലും സോന്‍ഭദ്ര കൂട്ടക്കൊല നടന്നപ്പോഴുമെല്ലാം പ്രിയങ്കയുടെ ഇടപെടല്‍ ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു.
കൊവിഡ്-19 പ്രതിസന്ധികള്‍ക്കിടയിലും പൗരത്വഭേഗഗതി നിയമ പ്രക്ഷോഭകര്‍ക്കെതിരെയുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി തുടരുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ മോധാവി ഷാനവാസ് ആലം അറസ്റ്റിലായിരുന്നു. എന്നാല്‍ ഇതിനെതിരെ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം കത്തി പടരുകയാണ്. സംഭവത്തില്‍ പൊലീസിനെ ഉപയോഗിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രിയങ്കാഗാന്ധി രൂക്ഷമായി പ്രതികരിച്ചിരുന്നു. സിഎഎ വിരുദ്ധ സമരങ്ങളില്‍ പങ്കെടുത്തതിന്റെ പേരിലാണ് ആലത്തെ അറസ്റ്റ് ചെയ്യുന്നത്. ഡിസംബര്‍ 19ന് നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് അറസ്റ്റ്. ആല്ത്തിനെതിരെ തെളിവുകളുണ്ടന്ന് ചൂണ്ടികാട്ടി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത വിവരം സെന്‍ട്രല്‍ ഡിസിപി ദിനേശ് സിങാണ് സ്ഥിരീകരിച്ചത്. സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നവരെ അടിച്ചമര്‍ത്താനുള്ള ഒരു ഉപകരണമാക്കി പൊലീസിനെ മാറ്റുന്നുവെന്നായിരുന്നു പ്രിയങ്കയുടെ ആരോപണം. സംഭവത്തില്‍ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു, നിയമസഭാ കക്ഷി നേതാവ് ആരാധന മിശ്ര എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു.

നേരത്തെ അജയ്കുമാര്‍ ലല്ലുവിനെ നാല് ആഴ്ച്ചയോളം ജയിലില്‍ വെച്ചിരുന്നു. വ്യാജ വാര്‍ത്തകള്‍ ചമച്ചാണ് ലല്ലുവിനെ തടങ്കലില്‍ വെച്ചതെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം. ഇത്തരം പൊലീസ് നടപടികള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പൊലീസ് ആരോപിച്ചു. എന്നാല്‍ കോണ്‍ഗ്രസിന്റെ പട്ടാളക്കാരെ വ്യാജ വാര്‍ത്തകള്‍ കൊണ്ടോ പൊലീസ് ലാത്തിചാര്‍ജ് കൊണ്ടോ അടിച്ചമര്‍ത്താന്‍ കഴിയില്ലെന്ന് പ്രിയങ്ക ആവര്‍ത്തിച്ചു.

നേരത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതിഥി തൊഴിലാളികളെ സ്വന്തം ഗ്രാമങ്ങളിലേക്ക് എത്തിക്കുന്നതിനായി പ്രിയങ്കയുടെ നേതൃത്വത്തില്‍ ബസുകള്‍ ഏര്‍പ്പാടാക്കിയിരുന്നു. എന്നാല്‍ ഈ ഉദ്യമത്തിനായി കോണ്‍ഗ്രസ് വ്യാജ രേഖകള്‍ ചുച്ചുവെന്നാരോപിച്ചായാരുന്നു ലല്ലുവിനെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത്. യോഗി സര്‍ക്കാരിന്റെ വീഴ്ചയും വര്‍ഗീയതുയം അഴിമതിയുമെല്ലാമാണ് പ്രിയങ്ക നിരന്തരം ഉന്നയിക്കുന്ന വിഷയങ്ങള്‍. ഇതാകട്ടെ യോഗി സര്‍ക്കാരിന് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്.