പ്രചാരണത്തിന് ആവേശം പകര്‍ന്ന് പ്രിയങ്ക ഇന്നിറങ്ങുന്നു

ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി ഇന്നിറങ്ങും. റായ് ബറേലിയില്‍ നടക്കുന്ന തെരെഞ്ഞെടുപ്പ് റാലികളില്‍ എ ഐ സി സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഒപ്പമാകും പ്രിയങ്ക പ്രചാരണം നടത്തുക.

ഉത്തര്‍പ്രദേശില്‍ എസ് പി കോണ്‍ഗ്രസ് സഖ്യം യാഥാര്‍ത്ഥ്യമാക്കാന്‍ നിര്‍ണായക പങ്കു വഹിച്ച പ്രിയങ്ക ഗാന്ധി, സമാജ്്വാദി പാര്‍ട്ടി, കോണ്‍ഗ്രസ് സഖ്യത്തിന്റെ പ്രചാരണത്തിന് സംസ്ഥാനത്തില്‍ നേതൃത്വം വഹിക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ അമേഠിയിലും റായ്ബറേലിയിലും മാത്രമേ പ്രചാരണം നടത്തുകയുള്ളൂ എന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അതിഥി സിംഗിന് വേണ്ടി റായ് ബറേലി ടൗണ്‍, മഹാരാജഗഞ്ച് എന്നിവിടങ്ങളില്‍ നടക്കുന്ന റാലികളില്‍ ആണ് പ്രിയങ്ക പങ്കെടുക്കുക. ഈ തെരഞ്ഞെടുപ്പില്‍ ഇത് ആദ്യമായാണ് പ്രിയങ്ക പരസ്യ പ്രചാരണത്തിന് ഇറങ്ങുന്നത്.


ഉത്തര്‍പ്രദേശിലെ മൂന്നാംഘട്ട തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്നവസാനിക്കുകയാണ്. പന്ത്രണ്ട് ജില്ലകളിലായി അറുപത്തൊന്‍പത് മണ്ഡലങ്ങളില്‍ ഞായറാഴ്ചയാണ് തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ ലോക്സഭാ മണ്ഡലമാണ് റായ് ബറേലി. തൊട്ടടുത്ത മണ്ഡലമായ അമേഠി രാഹുല്‍ ഗാന്ധിയുടേതുമാണ്. സ്വന്തം കോട്ടകളിലെ ശക്തി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രിയങ്ക കൂടി പ്രചാരണരംഗത്തിറങ്ങുന്നത്.